മല്ലപ്പള്ളി: പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ മല്ലപ്പള്ളി, എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറ്റൻകുടി പാലത്തിന്റെ ഇരുവശങ്ങളിലെയും സമീപന പാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചു. വാഹന യാത്രികർ നിരന്തരം അപകടത്തിൽപ്പെടുന്നത് സംബന്ധിച്ച് കേരള കൗമുദി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് അധികൃതരുടെ നടപടി. പാലത്തിന്റെ ഇരുവശങ്ങളിൽ കരിങ്കല്ലിൽ നിർമ്മിച്ചിരുന്ന സംരക്ഷണ ഭിത്തികളും പൊളിച്ച് മാറ്റി പൂർണമായി കോൺക്രീറ്റ് ഭിത്തികളോടെ നിർമ്മിച്ച് 2025 ഏപ്രിലിൽ ഉപരിതലത്തിലെ കോൺക്രീറ്റിംഗും പൂർത്തിയാക്കിയെങ്കിലും സമീപന പാതയിൽ നവീകരണം നടത്തിയിരുന്നില്ല. ഇവിടെ പാറവേസ്റ്റിട്ട് ഉപരിതലം ഉറപ്പിച്ചാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്. വേനൽ മഴയ്ക്ക് മുൻപ് തന്നെ ഉപരിതലത്തിലെ പാറ വേസ്റ്റ് ഇളകി മാറിയിരുന്നു.വേനൽ മഴ ശക്തി പ്രാപിച്ചതോടെ ഇവിടെ കുഴികൾ രൂപപ്പെട്ടു. ഇരുചക്ര വാഹനയാത്രികരാണ് ഏറെയും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നത്. തകർച്ചയിലായ പാലം പൂർണമായി പൊളിച്ച് നീക്കിയാണ് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ആദ്യഘട്ടത്തിലെ പരിശോധനയിൽ ഇരുവശങ്ങളിലേയും ഭിത്തികൾക്ക് ബലക്ഷയമില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയ്ക്കാണ് പാലം നിർമ്മാണം ആരംഭിച്ചത്. മുകൾത്തട്ടിലെ കോൺക്രീറ്റിഗ് പൊളിച്ചു നീക്കിയതോടെ പാലം പൂർണമായി തകർച്ചയിലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുകരകളിലെയും സംരക്ഷണ ഭിത്തി പൊളിച്ച് നീക്കുകയും പാലം പൂർണമായി പുനർനിർമ്മിക്കുകയും ചെയ്യുന്ന പ്രവർത്തികൾ നടത്തി. ഇരുവശങ്ങളിലെ കോൺക്രീറ്റ് ഭിത്തികളുടെ നിർമ്മാണവും ഐറിഷിഗും ടാറിംഗുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതായിട്ടാണ് അന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചത്. പൊതുമരാമത്ത് ഫണ്ട് വിനിയോഗിച്ചായിരുന്നു നിർമ്മാണവും. വാഹനം സഞ്ചാരമുള്ള പാതയിലെ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തീകരിച്ച് ഗതാഗതത്തിന് തുടർന്നു നൽകിയെങ്കിലും സമീപനപാത നവീകരിക്കാത്തതിനാലാണ് അപകടങ്ങൾ പതിവാകുന്നത്. പൊതുമരാമത്ത് റണ്ണിംഗ് ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് പാലത്തിന്റെ ഇരുവശങ്ങളും ടാറിംഗ് നടത്തി.കൊറ്റംകുടിക്ക് സമീപത്തെ പാലത്തിന്റെ 40അടി നീളത്തിൽ കരിങ്കൽ സംരക്ഷണഭിത്തിയുടെ നിർമ്മാണവും ഇതോടൊപ്പം നടത്തുന്നുണ്ട്.
...............................................................
സംരക്ഷണഭിത്തിയുടെ നിർമ്മാണം ആരംഭിച്ച് അറ്റകുറ്റപ്പണി പൂർത്തിയായാൽ അപകടങ്ങൾ കുറയും.
രഘു
(ടാക്സി ഡ്രൈവർ)
.................................
രണ്ടു മാസത്തിനിടെ 6 അപകടങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |