SignIn
Kerala Kaumudi Online
Monday, 21 September 2026 3.29 PM IST

വലിയകലുങ്ക് - കാളപ്പാലം തോട്ടിൽ മലിനജലം കലങ്ങിമറിഞ്ഞ് തോട്, കാരണമറിയാതെ നാട്ടുകാർ

water
വലിയകലുങ്ക് - കാളപ്പാലം തോട്ടിൽ മലിനജലം ഒഴുകിയെത്തിയപ്പോൾ

റാന്നി: പ്രദേശവാസികൾ കുളിക്കാനും തുണിയലക്കാനും ദിവസേന ഉപയോഗിക്കുന്ന വലിയകലുങ്ക് - കാളപ്പാലം തോട്ടിൽ ദുർഗന്ധം വമിക്കുന്ന മലിനജലം ഒഴുകിയെത്തിയത് ഭീതി പടർത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തെളിഞ്ഞ വെള്ളമൊഴുകിയിരുന്ന തോട് പെട്ടെന്നാണ് കറുപ്പും വെളുപ്പും കലർന്ന നിലയിൽ കലങ്ങിമറിഞ്ഞത്. രാസമാലിന്യമോ റബ്ബർ പാലോ കലർന്ന വെള്ളമാണ് തോട്ടിലേക്ക് ഒഴുകിയെത്തിയതെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് തോടിലെ വെള്ളത്തിന് പെട്ടെന്ന് നിറംമാറ്റവും രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെട്ടത്. റബർ സംസ്കരണ കേന്ദ്രങ്ങളിൽ നിന്നോ സമീപത്തുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്നോ വൻതോതിൽ മലിനജലം തോട്ടിലേക്ക് തള്ളിയതാകാമെന്ന് കരുതുന്നു. പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസുകളിലേക്കും കുളങ്ങളിലേക്കും എത്തിച്ചേരുന്ന നീർച്ചാലാണിതെന്നതിനാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാദ്ധ്യതയേറെയാണ്. ഉതിമൂട്, തുണ്ടുമണ്ണിൽ പടി, കരിംകുറ്റിക്കൽ എന്നിവിടങ്ങളിൽ നിന്നുവരുന്ന ചെറുതോടുകളാണ് വലിയകലുങ്ക് മുതൽ കാളപ്പാലം, അരമനപ്പടി വഴി പമ്പാനദിയിലേക്ക് പതിക്കുന്നത്.

തോട് ശുചീകരിച്ചത് ഒരുമാസം മുൻപ്

വിബിജി റാംജി പദ്ധതിയിലുൾപ്പെടുത്തി കഴിഞ്ഞ മാസമാണ് രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ഈ തോട് ശുചീകരിച്ചത്. ലക്ഷങ്ങൾ ചെലവിട്ട് വൃത്തിയാക്കിയ പൊതുമുതൽ മലിനമാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തെത്തുടർന്ന് വാർഡ് മെമ്പർ ബാബുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ലിജോമോൻ എന്നിവരും നാട്ടുകാരും ചേർന്ന് തോട്ടിലൂടെ നടന്ന് പരിശോധന നടത്തിയെങ്കിലും മലിനജലത്തിന്റെ ഉറവിടം കണ്ടെത്താനായില്ല.

.................................................

ഉച്ചയോടെ തോടിലെ വെള്ളം സാധാരണ നിലയിലായെങ്കിലും പ്രദേശവാസികളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഇടപെട്ട് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധിക്കണം. കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം.

(പ്രദേശവാസികൾ)

.....................................................

1.വെള്ളത്തിന് നിറം മാറ്റവും ദുർഗന്ധവും : ആശങ്കയിൽ നാട്ടുകാർ

2. വരുന്നത് കറുപ്പും വെളുപ്പും കലർന്ന നിലയിൽ കലങ്ങിയ വെള്ളം

3. വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാദ്ധ്യതയേറെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL