SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

ഇലന്തൂർ ഗവ.കോളേജ് കെട്ടി​ടം : നിർമ്മാണം ഉടൻ ആരംഭിക്കും

college

പത്തനംതിട്ട : തടസങ്ങളി​ൽപ്പെട്ട് നീണ്ടുപോയ ഇലന്തൂർ ഗവ.കോളേജ് കെട്ടി​ട നി​ർമ്മാണത്തി​ന് വഴി​യൊരുങ്ങുന്നു. കഴിഞ്ഞ ജൂലായ് 18ന് അബിൻ വർക്കി എം.എൽ.എ കോളേജി​നായി​ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കെട്ടി​ട നി​ർമ്മാണഫണ്ട് 30.3 കോടിയാക്കി ഉയർത്തിയി​രുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. കഴിഞ്ഞ 12 വർഷമായി അനിശ്ചിതമായി നീണ്ടുപോയ നിർമ്മാണ പ്രവർത്തികൾക്കാണ് തുടക്കമാകുന്നത്.

2014ൽ കെ.ശിവദാസൻ നായർ എം.എൽ.എ ആയിരിക്കുമ്പോഴാണ് ഇലന്തൂർ ഗവ.എച്ച്.എസ്.എസ് കെട്ടിടത്തിൽ കോളേജിന്റെ പ്രവർത്തനം ആരംഭിച്ചത്. കെട്ടി​ടത്തി​നായി​ ഖാദി ബോർഡിന്റെ മൂന്ന് ഏക്കർ സ്ഥലം കണ്ടെത്തിയെങ്കിലും നിർമ്മാണം തുടങ്ങാനായി​ല്ല. പിന്നീട് കഴിഞ്ഞ സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് രണ്ട് ഏക്കർ സ്ഥലം കൂടി കണ്ടെത്തിയെങ്കിലും ഇവിടേക്ക് പ്രവേശിക്കാനുള്ള വഴിക്ക് വീതിയില്ലാത്തത് വീണ്ടും തടസമായി​.

സ്ഥലം സന്ദർശിച്ച അബിൻ വർക്കി എം.എൽ.എയുടെ നിർദ്ദേശ പ്രകാരം കോളേജിനായി​ കണ്ടെത്തിയ സ്ഥലത്തേക്കുള്ള ഇടുങ്ങിയ റോഡിന്റെ വീതികൂട്ടാനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ നാലര അടി വീതിയിലുള്ള റോഡ് ആറര മീറ്റർ വീതിയാക്കാൻ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. പ്രധാന റോഡിൽ നിന്ന് ഒരു കിലോമീറ്റർ ഉപറോഡിനാണ് വീതികൂട്ടേണ്ടത്. ഇതിന് 15 സ്വകാര്യ വ്യക്തികൾ സൗജന്യമായി​ സ്ഥലം വിട്ടുനൽകി. ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്ഥലമുടമകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സ്ഥലം വിട്ടുനൽകാൻ ധാരണയായത്.

കി​ഫ്ബി​ പദ്ധതി​

2014ൽ ഖാദി ബോർഡിന്റെ സ്ഥലം കോളേജ് നിർമ്മാണത്തിനായി​ കണ്ടെത്തിയെങ്കിലും 2016ലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറാനുള്ള സർക്കാർ നടപടികൾ ആരംഭിക്കുന്നത്. ഇതിനുശേഷം ഭൂമി അളന്ന് വില നിർണയം ഉൾപ്പടെ നടത്തി സ്ഥല കൈമാറ്റ രേഖകൾ തയ്യാറാക്കി. 2017 നവംബറിൽ സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ പണം കണ്ടെത്തുകയും കിറ്റ്‌കോയെ പദ്ധതിയുടെ നിർവഹണ ഏജൻസിയായി ചുമതലപ്പെടുത്തുകയും ചെയ്തു.

തടസമായത് വീതി​യി​ല്ലാത്ത റോഡ്​

12 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യം തയ്യാറാക്കിയത്. പിന്നീട് 15 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ച് ഭരണാനുമതി നേടിയെടുത്തു. കോളേജിന് ആവശ്യം അഞ്ചേക്കർ സ്ഥലമാണ്. ഇതിനായി​ സ്വകാര്യ വ്യക്തികളിൽ നിന്നുള്ള രണ്ടേക്കർ സ്ഥലം കൂടി വാങ്ങിക്കാൻ നടപടി പൂർത്തിയാക്കിയെങ്കിലും വീതിയുള്ള റോഡ് നിർമ്മിക്കാൻ കഴിയാതിരുന്നത് തടസമായി.

പദ്ധതി​ ചെലവ് : 30.3കോടി

കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ : 150

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL