SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

ജില്ലയിൽ വാഹനാപകടങ്ങളേറി, ചോരമണം മാറാതെ റോഡുകൾ

car-acci

പത്തനംതിട്ട: ജില്ലയിലെ പൊതുനിരത്തുകൾ ചോരക്കളമാകുന്നു. ഈവർഷം എട്ടു മാസത്തിനുള്ളിൽ ജില്ലയിൽ നട‌ന്നത് 1317 അപകടങ്ങൾ. ജീവൻ നഷ്ടപ്പെട്ടത് 121പേർക്ക്. പരിക്കേറ്റവർ 1587. മുൻ വർഷങ്ങളെ അപേക്ഷിച്ച് അപകടങ്ങളുടെ നിരക്കും മരണവും കൂടുതലാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാനപാതകളായ എം.സി റോഡ്, പി.എം റോഡ്, ടി.കെ റോഡ്, കെ.പി റോഡ് എന്നിവിടങ്ങളിലാണ് അപകടങ്ങളേറെയും. ശബരിമല തീർത്ഥാടന കാലത്ത് പമ്പ റൂട്ടിലും അപകടങ്ങളുണ്ടാകുന്നു.
വാഹനങ്ങളുടെ അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ, ഹെഡ്‌ലൈറ്റിന്റെ തീവ്രവെളിച്ചം, മഴക്കാലത്ത് റോഡിലെ തെന്നൽ എന്നിവയാണ് അപകടങ്ങൾക്ക് കാരണമായിട്ടുള്ളത്.

എം.സി റോഡ്

എംസി റോഡ് കടന്നുപോകുന്ന ഏനാത്ത് മുതൽ തിരുവല്ല പെരുന്തുരുത്തി വരെ അപകടങ്ങളുടെ എണ്ണം കൂടുതലാണ്. ഏനാത്ത് പുതുശേരിഭാഗം, അടൂർ ഹൈസ്‌കൂൾ ജംഗ്ഷൻ, കുരമ്പാല, പന്തളം, കുളനട, തിരുവല്ലയിൽ കുറ്റൂർ ഭാഗങ്ങൾ അപകട മുനമ്പുകളാണ്. പൊലിസ് സ്‌റ്റേഷൻ പരിധികളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് തിരുവല്ലയിലാണ്. 2025ൽ 295 അപകടവും കഴിഞ്ഞ ആഗസ്റ്റ് 31വരെ 202 അപകടവും നടന്നു.

പി.എം റോഡ്

പി.എം റോഡിൽ കൂടുതൽ അപകടങ്ങൾ കലഞ്ഞൂർ, കൂടൽ മേഖലയിലാണ്. കോന്നി, റാന്നി മേഖലയിലും അപകടങ്ങൾ കൂടുതലായുണ്ട്. കോന്നിയിൽ കഴിഞ്ഞ ആഗസ്റ്റ് 31വരെ 92 അപകടങ്ങളും റാന്നിയിൽ 81 അപകടങ്ങളുമുണ്ടായി.

മുന്നിൽ കാറുകൾ

അപകടങ്ങളുടെ കണക്കിൽ കാറുകൾക്കാണ് ഒന്നാം സ്ഥാനം. 2025 ൽ 670 കാറുകളാണ് അപകടത്തിൽപെട്ടത്. ഇക്കൊല്ലം ആഗസ്റ്റ് 31വരെ 433 കാറുകൾ അപകടത്തിൽപെട്ടു.
373 ഇരുചക്രവാഹന അപകടങ്ങളാണ് ആഗസ്റ്റ് 31 വരെ റിപ്പോർട്ട് ചെയ്തത്.

റോഡുകളുടെ അശാസ്ത്രീയ നിർമാണം

അപകടങ്ങൾക്കു റോഡിലെ അശാസ്ത്രീയ നർമാണവും കരണമാകുന്നുണ്ട്. എം.സി റോഡിൽ കുരമ്പാല, കുളനട ഭാഗങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ പരിശോധനകൾ നടത്തി സുരക്ഷാസംവിധാനം ഒരുക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.

അപകടങ്ങൾ

2026 ആഗസ്റ്റ് വരെ: അപകടങ്ങൾ 1317. മരണം 121. പരിക്കേറ്റവർ 1587.

2025 : അപകടങ്ങൾ 1993. മരണം 178. പരിക്കേറ്റവർ 2366

2024 : അപകടങ്ങൾ1890. മരണം 184. പരിക്കേറ്റവർ 2384

2023: അപകടങ്ങൾ1894. മരണം 177 പരിക്കേറ്റവർ 2382

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL