
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പെരുമ്പുഴ ബസ് സ്റ്റാൻഡിൽ ബസ് കയറാത്തത് യാത്രക്കാരെ വലയ്ക്കുന്നു. സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾ പാതയോരത്ത് തോന്നിയപോലെ നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അപകടത്തിന് കാരണമാകുന്നു. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളന നഗറായും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായും മാത്രമാണ് ബസ് സ്റ്റാൻഡ് ഉപയോഗിക്കുന്നത്. വഴിയോരത്ത് ബസുകൾ നിറുത്തുന്നതിനാൽ ഏറെ പാടുപ്പെട്ടാണ് യാത്രക്കാർ കയറുന്നത്. മഴനനഞ്ഞുവേണം ബസിൽ കയറാൻ.
പത്തനംതിട്ട, കോഴഞ്ചേരി ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡിന്റെ മറുഭാഗത്ത് ആളുകളെ ഇറക്കി പോകുന്നതും പതിവാണ്. ഏറെതിരക്കുള്ള സംസ്ഥാന പാത മുറിച്ചുകടന്നുവേണം യാത്രക്കാർക്ക് ബസുകളിൽ കയറാൻ. ഇത് വൻ അപകടസാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. സമീപത്തെ ജനറൽ ആശുപത്രിയിലേക്ക് തിരിയുന്ന റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളും യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നുണ്ട്. അപകട മേഖലയായി പെരുമ്പുഴയും പരിസരവും മാറിയിട്ടും അധികൃതർ അറിഞ്ഞമട്ടില്ല.
സ്കൂൾ കുട്ടികൾക്ക് ഭീഷണി
നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളാണ് പെരുമ്പുഴയിലൂടെ യാത്രചെയ്യുന്നത്. റോഡിലെ അനധികൃത ബസ് സ്റ്റോപ്പുകളും അമിതവേഗതയും വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയുയർത്തുന്നുണ്ട്.
അധികൃതർ അടിയന്തരമായി ഇടപെട്ട് ബസുകൾ സ്റ്റാൻഡിൽ കയറാൻ കർശന നിർദ്ദേശം നൽകണം. സ്റ്റാൻഡിലെ പാർക്കിംഗ് ഉടനടി നിരോധിക്കുകയും വേണം.
പ്രശാന്ത്
(യാത്രക്കാരൻ)
കണ്ണടച്ച് അധികൃതർ
ജീവന് ഭീഷണിയാകുന്ന നിയമലംഘനം തുടർന്നിട്ടും നടപടിയെടുക്കാതെ നോക്കിനിൽക്കുകയാണ് പൊലീസും ഗതാഗത വകുപ്പും. പിഴയോ നിയമനടപടികളോ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ്, സ്റ്റാൻഡിന് മുന്നിലെ അനധികൃത പാർക്കിംഗും ട്രാഫിക് ലംഘനങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |