SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

പൂവാർ ഗ്രാമപഞ്ചായത്തിൽ വെള്ളക്കെട്ടായി ഇടറോഡുകൾ

1

പൂവാർ: പഞ്ചായത്തിലെ മിക്ക ഇടറോഡുകളും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ല. തുലാവർഷം കൂടി തുടങ്ങിയതോടെ ഈ റോഡുകളെല്ലാം വെള്ളക്കെട്ടായി. ജലജീവൻ മിഷനുവേണ്ടി റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് ഇവയെല്ലാം തകർന്നത്. ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞിട്ടും വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. കുളമായ റോഡിലൂടെ പിന്നീടുള്ള യാത്ര വളരെ പരിതാപകരമാണ്. യാത്രക്കാർ ചെളിവെള്ളത്തിൽ കുളിച്ചാണ് പോകുന്നത്. ടൂ വീലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴികളിൽ അകപ്പെടുന്നതും സ്ഥിരം.

അരുമാനൂർ ജംഗ്ഷനിൽ നിന്നും ശ്രീ നായനാർ ദേവക്ഷേത്രം വഴി ബണ്ട് റോഡിലേക്കുള്ള റോഡ് കഴിഞ്ഞ ഉത്സവകാലത്തിനു മുമ്പ് തകർന്നതാണ്. ജംഗ്ഷൻ മുതൽ ക്ഷേത്രം വരെയുള്ള റോഡ് താത്കാലികമായി നന്നാക്കിയെങ്കിലും ബണ്ട് റോഡിലേക്കുള്ള റോഡ് ഇപ്പോഴും അപകടാവസ്ഥയിലാണ്. ബണ്ട് റോഡ് വഴി പൂവാറിലേക്കുള്ള റോഡും അപകടാവസ്ഥയിൽ തന്നെയാണ്. ക്ഷേത്രത്തിൽ ഉത്സവം അടുക്കാറായ സാഹചര്യത്തിൽ റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ പ്രദേശങ്ങളിൽ റോഡ് ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് അധികാരികൾക്ക് നിവേദനങ്ങൾ നൽകിയിട്ടും പ്രയോജനമില്ലെന്ന് നാട്ടുകാർ പറയുന്നു.

തീരദേശത്തെ ഗോതമ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. കടൽക്ഷോഭം ഉണ്ടാകുമ്പോൾ വെള്ളം കെട്ടിനിൽക്കുന്ന റോഡിന്റെ പല ഭാഗങ്ങളും ഗോതമ്പ് റോഡിൽ കാണാനാകും. ഇരയുമ്മൻ തുറയിലേക്കുള്ള റോഡും തകർന്നു

പൂവാർ ഗുരുമന്ദിരത്തിന് മുന്നിൽ നിന്നും കെ.എസ്.ആർ.ടി.സി ഗ്യാരേജിലേക്ക് പോകുന്ന റോഡും അനുബന്ധ റോഡുകളും തകർന്നു. അതുവഴി പൂവാർ വിഴിഞ്ഞം റോഡിൽ പ്രവേശിക്കുന്ന റോഡുകളും തകർന്നു

 പരാതികൾ മാത്രം

പൂവാർ ജംഗ്ഷനിൽ നിന്നും ബീച്ചിലേക്കുള്ള പൂവാർ മസ്ജിദ് റോഡ് തകർന്നു. സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾ ദിവസവും വന്നുപോകുന്ന റോഡ് നേരെയാക്കാൻ ശ്രമിച്ചിട്ടില്ല. സായാഹ്ന സവാരിക്കായി ബീച്ചിലേക്ക് പോകുന്ന ആളുകൾക്കും ജുമാ മസ്ജിദിൽ നിസ്കാരത്തിന് പോകുന്ന വിശ്വാസികൾക്കും ഇതുവഴിയുള്ള യാത്ര ദുരിതപൂർണമാണ്.കോൺഗ്രസ് പൂവാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ വൈമുഖ്യം കാണിക്കുന്നതായും പരാതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL