
പൂവാർ: കാഞ്ഞിരംകുളത്ത് റിട്ട. എ.എസ്.ഐ മനോഹരൻ കൊലക്കേസിൽ ഒന്ന് മുതൽ മൂന്നു വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും 50000 രൂപ പിഴയും. ഒന്നാം പ്രതി കാഞ്ഞിരംകുളം മുലയൻതാന്നി ക്ഷേത്രത്തിന് സമീപം വേങ്ങനിന്ന തടത്തരികത്തു വീട്ടിൽ സുരേഷ് (42),രണ്ടാം പ്രതി വിജയൻ (69,തങ്കുടു),മൂന്നാം പ്രതി സുനിൽ (36) എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. കാഞ്ഞിരംകുളം മുലയൻതാന്നി വേങ്ങനിന്ന വടക്കരുക് വീട്ടിൽ റിട്ട. എ.എസ്.ഐ മനോഹരൻ (57) ആണ് കൊല്ലപ്പെട്ടത്.
2021 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. പ്രതികളുടെ വീടിന് സമീപത്തെ പുറമ്പോക്ക് സ്ഥലം നെയ്യാറ്റിൻകര താലൂക്ക് തഹസിൽദാരുടെ ഓഫീസിൽ നിന്നും പി.ഡബ്ല്യൂ.ഡി അധികൃതർ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇത് മനോഹരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് തെറ്റിദ്ധരിച്ച പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി മനോഹരനെ ഇരുമ്പ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മനോഹരന്റെ ഭാര്യ അനിതയ്ക്കും മർദ്ദനമേറ്റിരുന്നു. മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയവെ ഫെബ്രുവരി 7ന് മനോഹരൻ മരിച്ചു. നിലവിൽ ജാമ്യത്തിൽ കഴിയുന്ന പ്രതികൾ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജികുമാർ ഹാജരായി.
അതേസമയം, 2011ൽ സുരേഷ്, സുനിൽ എന്നിവർ മനോഹരനെ കല്ലെറിഞ്ഞ് മുഖത്ത് പരിക്കേൽപ്പിക്കുകയും തടസം പിടിച്ച മനോഹരന്റെ ഭാര്യ അനിതയെ തലമുടിക്ക് കുത്തിപ്പിടിച്ച് തറയിൽ തള്ളിയിടുകയും ചെയ്തിരുന്നു. പ്രതികളിൽ നിന്നും മനോഹരൻ വാങ്ങി വീടുവച്ച സ്ഥലം തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു അന്നത്തെ ആക്രമണം. അന്ന് കാഞ്ഞിരംകുളം പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോഴും വിചാരണ നേരിടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |