SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.04 AM IST

കാട്ടുപന്നി ശല്യം രൂക്ഷം പുറത്തിറങ്ങാനാകാതെ ജനം

aa

കല്ലറ: കൃഷി വിളകളോടൊപ്പം മനുഷ്യരെയും കാട്ടു പന്നികൾ ആക്രമിക്കാൻ തുടങ്ങിയതോടെ പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. കല്ലറ,പാങ്ങോട്,പുളിമാത്ത്,നെല്ലനാട്,വാമനപുരം,പുല്ലമ്പാറ,പഴയകുന്നുമ്മൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കാട്ടുപന്നി ശല്യമുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് നിരവധി പേരാണ് ചികിത്സയിലുള്ളത്. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് പ്രത്യേക അധികാരമുണ്ടെങ്കിലും പലയിടങ്ങളിലും ഇവയ്ക്ക് നേരെ 'വെടിപൊട്ടാത്ത' സ്ഥിതിയാണ്. വനംവകുപ്പ് ജാഗ്രത കാണിക്കുന്നില്ലെന്ന പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയിലാണ് കാട്ടുപന്നികളെ നിയമാനുസൃതം കൊല്ലാൻ തദ്ദേശസ്ഥാപന അദ്ധ്യക്ഷരെ ഓണററി വൈൽഡ്‌ലൈഫ് വാർഡൻമാരാക്കി പ്രത്യേകാധികാരം നൽകിയത്. ഏതൊക്കെ മാർഗങ്ങളിൽ കൊല്ലാമെന്നും അവയുടെ ജഡം എങ്ങനെ മറവു ചെയ്യണം എന്നിങ്ങനെയുള്ള നിർദേശങ്ങളും ഇവർക്ക് നൽകിയിരുന്നു. എന്നാൽ അവയൊന്നും നടപ്പിലാക്കുന്നില്ല. അടിയന്തരമായി ഈ ചുമതല വനംവകുപ്പിനെ ഏൽപ്പിക്കുകയോ ഉത്തരവിന്റെ അവ്യക്തത മാറ്റി തൊഴിലാളികൾക്ക് പണം നൽകുന്നതിനുള്ള നടപടിയുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

നിർദേശങ്ങളിൽ അവ്യക്തത

ലൈസൻസുള്ള തോക്കുടമകളെ നിയോഗിച്ചാണ് കാട്ടുപന്നികളെ കൊല്ലേണ്ടത്. എന്നാൽ,ചില പഞ്ചായത്തുകൾ പ്രത്യേകാധികാരം വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ല. പന്നിയുടെ സംസ്‌കരണം വസ്തു ഉടമസ്ഥന്റെ ചുമതലയിലാവുകയും ശാസ്ത്രീയമായി സംസ്കരിക്കപ്പെടാതെയാവുന്ന സ്ഥിതിയാണ്.

കൃത്യമായി വേതനമില്ല

ഒരു പന്നിയെ വെടിവയ്ക്കുന്നതിനു യാത്രാപ്പടിയും കൂടാതെ ആയിരം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു പന്നിയെ വെടിവയ്ക്കാൻ പലപ്പോഴും ഒന്നിലധികം ദിവസം പോകണം. വെടിയുണ്ട ഒന്നിന് നൂറ്റമ്പത് രൂപാ ചെലവു വരും.തോക്കിന്റെ സർവീസ് ചാർജു കൂടിയാകുമ്പോൾ വെടിവയ്ക്കുന്നയാളിനു മാന്യമായ വേതനം ലഭിക്കാത്ത അവസ്ഥയാണ്. പുതുതായി ആരും ഈ മേഖലയിലേക്ക് വരുന്നില്ലെന്ന് മാത്രമല്ല ഉള്ളവർ കൊഴിഞ്ഞു പോകുന്ന സ്ഥിതിയുമാണ് നിലവിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL