തിരുവനന്തപുരം: സമീപകാലത്തൊന്നും കാണാത്തവിധമുള്ള രംഗങ്ങൾക്കാണ് തിരുവനന്തപുരം നഗരസഭ ഇന്നലെ സാക്ഷ്യം വഹിച്ചത്. ബി.ജെ.പി
കൗൺസിലർമാർ മേയറുടെ ചേംബറിൽ നടത്തിയ പുനർ സത്യപ്രതിജ്ഞ ചട്ടംലംഘനമാണെന്നാരോപിച്ച് നഗരസഭയിൽ എൽ.ഡി.എഫ് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
കാപ്പാക്കേസിൽ ജയിലടച്ച വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് മുന്നിൽ റിലേ സത്യഗ്രഹം സമരം
നടത്തുകയായിരുന്ന എൽ.ഡി.എഫ് ഇന്നലെയാണ് മേയറുടെ ചേംബറിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. ശക്തമായ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും കൗൺസിലർമാർ തമ്മിലുള്ള കയ്യാങ്കളി ചെറുക്കാനോ പിന്തിരിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെ 10ഓടെ എൽ.ഡി.എഫ് കൗൺസിലർമാർ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. നഗരസഭയുടെ ഒന്നാം നിലയിലെ ഓഫീസിന് മുന്നിലെ ഇടനാഴിയിൽ ഇടത് കൗൺസിലർമാർ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. എൽ.ഡി.എഫിന്റെ ജില്ലാ- സംസ്ഥാന നേതാക്കൾ നേരിട്ടെത്തിയാണ് നേതൃത്വം നൽകിയത്. മേയറെ ഓഫീസിൽ കയറ്റാതിരിക്കാനായിരുന്നു എൽ.ഡി.എഫ് നീക്കം. എന്നാൽ അതിനെ പ്രതിരോധിക്കാനും ഓഫീസിൽ കടക്കാനും തീരുമാനിച്ചായിരുന്നു മേയറും ഡെപ്യൂട്ടി മേയറും മറ്റു ബി.ജെ.പി കൗൺസിലർമാരുമെത്തിയത്.
മേയർ വി.വി.രാജേഷിനെ ഓഫീസിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് മുദ്രാവാക്യം വിളികളോടെ സി.പി.എം കൗൺസിലർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കൗൺസിലർമാർ തടഞ്ഞു. ഇതിനിടെ ഉന്തിലും തള്ളിലും കൗൺസിലർമാരും പൊലീസുകാരും ചാനൽ ക്യാമറാമാന്മാരും നിലത്തുവീണു. പിന്നീട് മേയറും ബി.ജെ.പി കൗൺസിലമാരും ചേംബറിൽ കയറി പത്രസമ്മേളനം നടത്തി. ഏറെ നേരത്തിന് ശേഷമാണ് കാലിന് പരിക്കേറ്റ മേയറെയും ബി.ജെ.പി,എൽ.ഡി.എഫ് കൗൺസിലർമാരെയും നഗരസഭയുടെ വാഹനങ്ങളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്കേറ്റ എൽ.ഡി.എഫ് കൗൺസിലർമാരെ സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി,സംസ്ഥാന കമ്മിറ്റി അംഗം വി.ശിവൻകുട്ടി എന്നിവരും ബി.ജെ.പി കൗൺസിലർമാരെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ,വി.മുരളീധരൻ എം.എൽ.എ,കെ.സുരേന്ദ്രൻ തുടങ്ങിയവരും മെഡിക്കൽകോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |