
തിരുവനന്തപുരം: അതിക്രൂരമായ റാഗിംഗിനെ തുടർന്ന് പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥന്റെ പേരിലാണ് സംസ്ഥാനത്ത് റാഗിംഗ് വിരുദ്ധനിയമം വരുന്നത്. 'സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് ' എന്നാണ് പേര്. സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് എന്ന ആപ്ലിക്കേഷനും വരും.
സിദ്ധാർത്ഥൻ കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്. റാഗിംഗ്, ഗൂഢാലോചന, അക്രമിച്ച് മുറിവേൽപ്പിക്കൽ, ആത്മഹത്യാ പ്രേരണ തുടങ്ങി 9 വകുപ്പുകളാണ് 20 പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
റാഗിംഗ് തടയാൻ അതിശക്തമായ നിയമമാണ് തയ്യാറാക്കുന്നത്. റാഗിംഗ് പരാതി അവഗണിച്ചാലോ പൊലീസിലറിയിക്കാതെ ഒതുക്കിയാലോ കോളേജ് അധികൃതർക്ക് പ്രതിക്ക് നൽകുന്ന ശിക്ഷ ലഭിക്കും. സ്ഥാപനമേധാവിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. പ്രതികൾക്ക് 5 വർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നൽകില്ല. മെഡിക്കൽ കോളേജുകളിലെ റാഗിംഗ് മറച്ചുവച്ചാൽ കോളേജിന്റെ അംഗീകാരംപോകും. വിദ്യാർത്ഥികളുടെ പരാതികളിൽ 24 മണിക്കൂറിനകം ക്രിമിനൽ കേസെടുക്കണം. ഇരകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പൊലീസ് പരാതികൾ പിൻവലിപ്പിക്കുന്നതും കുറ്റകരമാവും.
അർദ്ധ ജുഡിഷ്യൽ അധികാരത്തോടെ റാഗിംഗ് തടയാൻ സംവിധാനമൊരുക്കുന്നതും പരിഗണനയിലാണ്. നെഹ്റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിഷൻ ഇതിനുള്ള ശുപാർശ 2018ൽ നൽകിയിരുന്നു. വിരമിച്ച ജില്ലാജഡ്ജിമാരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന-ജില്ലാ തലത്തിൽ അർദ്ധജുഡിഷ്യൽ അധികാരത്തോടെ ഓംബുഡ്സ്‌മാൻ വേണമെന്നാണ് ശുപാർശ.
10വർഷം വരെ ശിക്ഷകിട്ടാം
ശാരീരികമോ മാനസികമോ ആയി ദോഷം വരുത്തുന്നതെന്തും റാഗിംഗാണ്. ഭയപ്പെടുത്തൽ, നാണംകെടുത്തൽ, പരിഭ്രമമുണ്ടാക്കൽ, അധിക്ഷേപം എന്നിവയും റാഗിംഗിന്റെ പരിധിയിൽ വരും. റാഗിംഗിന് രണ്ടു വർഷം തടവും പിഴയും കിട്ടാം. മുറിവേൽപ്പിച്ചാൽ ശിക്ഷ 10വർഷമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |