
വിഴിഞ്ഞം: മത്സ്യബന്ധനത്തിനു പോയി കടലിൽ കാണാതായ മൂന്ന് തൊഴിലാളികളെയും കണ്ടെത്തി കരയ്‌ക്കെത്തിച്ചു. വെട്ടുകാട് സ്വദേശികളായ സനു(37), റോബിൻസൺ(55,ജോർജ് വില്യം),വലിയവേളി സ്വദേശി ബാബു(40,ജോർജ്) എന്നിവരെയാണ് ഇന്നലെ രാവിലെ 9ഓടെ വിഴിഞ്ഞം ഫിഷറിസ് സ്‌റ്റേഷൻ മറൈൻ എൻഫോഴ്സ്മെന്റിന്റെ തെരച്ചിൽ ബോട്ട് കണ്ടെത്തിയത്.
കരയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ ഉള്ളിലാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മൂന്നുപേരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. വിഴിഞ്ഞം തീരത്ത് നിന്ന് 28ന് ഉച്ചയ്ക്ക് 3ന് ശേഷമാണ് മൂന്നംഗ സംഘമായി ഒരു ബോട്ടിൽ മത്സ്യബന്ധനത്തിനു പോയത്. അടുത്ത ദിവസം രാവിലെയോടെ മടങ്ങി എത്തേണ്ടിയിരുന്നതാണ്.
എൻജിനുകൾ കേടായി
ഇവരുടെ ബോട്ടിൽ ഘടിപ്പിച്ചിരുന്ന എൻജിനുകൾ കേടായതോടെ ഇവർ ഉൾക്കടലിൽ അകപ്പെടുകയായിരുന്നു. മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും നന്നാക്കാനായില്ല. ഇതോടെ തിരികെ വരാനാകാതെ ഒഴുക്കിൽപ്പെട്ടു. ഒഴുക്കിന്റെ ദിശ അനുസരിച്ച് കൂടുതൽ ഉള്ളിലേക്ക് നീങ്ങുകയായിരുന്നു. പുതിയ ബോട്ടായതിനാൽ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിരുന്നില്ല. ഉള്ളിലേക്ക് പോയതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ റെയ്ഞ്ച് കിട്ടാതായി.
ഇന്നലെ വൈകിട്ടോടെ മത്സ്യബന്ധനം കഴിഞ്ഞ് തിരച്ചെത്തിയ മറ്റൊരു ബോട്ടിലെ തൊഴിലാളികൾ അറിയിച്ചതനുസരിച്ച് തെരച്ചിലിന് പോയ ആഴിമല ശിവൻ എന്ന ഫിഷറീസ് സ്‌റ്റേഷന്റെ വാടക തെരച്ചിൽ ബോട്ടിൽ ഉണ്ടായിരുന്നവരാണ് മൂന്നുപേരെയും കണ്ടെത്തിയത്. ഇവരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഷീജമേരി ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘം ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. വൈദ്യ പരിശോധനയ്ക്കു ശേഷം ഇവരെ വീടുകളിലേയ്‌ക്ക് മാറ്റി. മറൈൻ എൻഫോഴ്‌സ്മെന്റ് സി.പി.ഒ ശ്രീകാന്ത്,ഗാർഡുമാരായ തോമസ്,വിൽസൺ,ജിനു,ബോട്ട് സ്രാങ്ക് ഉപരാജ്, ഡ്രൈവർ രഞ്ജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. മറൈൻ എൻഫോഴ്സ്‌മെന്റിനെക്കൂടാതെ തിരദേശ പൊലീസ്,കോസ്‌റ്റ് ഗാർഡ്,കാണാതായവരുടെ ബന്ധുക്കൾ ഉൾപ്പെട്ട നാട്ടുകാരുടെ വള്ളങ്ങൾ എന്നിവയും തെരച്ചിൽ നടത്തിയിരുന്നു.
ആശ്വാസത്തോടെ കുടുംബങ്ങൾ
തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തേണ്ടവരെ കാണാതായതോടെ ആശങ്കയിലായ കുടുംബങ്ങൾക്ക് ഇന്നലെ
ആശ്വാസമായി. മൂന്നുപേരെയും കാത്ത് കുടുംബങ്ങൾ പ്രാർത്ഥനയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |