SignIn
Kerala Kaumudi Online
Thursday, 02 July 2026 3.39 AM IST

5 വർഷത്തിൽ 5 ലക്ഷം കരിമ്പന നട്ടുപിടിപ്പിക്കും

palakkad
കരിമ്പന

 ഹരിത ഇടനാഴി പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

പാലക്കാട്‌: ഭൂഗർഭ ജലദ‍ൗർലഭ്യത, കാലവസ്ഥ വ്യതിയാനം, പരിസ്ഥിതി ശോഷണം എന്നിവ പരിഹരിക്കാൻ പദ്ധതിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്. ജൈവവൈവിധ്യ പരിപാലനസമിതിയുടെ നേതൃത്വത്തിൽ പാലക്കാട്ട് 'ഹരിത ഇടനാഴിക്ക്' പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി അഞ്ചുവർഷത്തിനുള്ളിൽ ജില്ലയിൽ അഞ്ചുലക്ഷം കരിമ്പനത്തൈകൾ നട്ടുപിടിപ്പിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകൾക്കും ബ്ലോക്ക്‌ പഞ്ചായത്തുകൾക്കുമാണ്‌ പദ്ധതി നിർവഹണ ചുമതല. ജൈവവൈവിധ്യ പരിപാലനസമിതി കൺവീനറും ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനുമായ എസ്.ബി.രാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പദ്ധതിയെക്കുറിച്ച് ചർച്ച നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് എൻ.സരിത പങ്കെടുത്തു. കുറെ വർഷങ്ങളായി ഗുരുതര വരൾച്ചയിലും ഭൂഗർഭജല ശോഷണത്തിലും വലയുകയാണ്‌ ജില്ല. നേരത്തെ ഒരു വർഷത്തിൽ ശരാശരി 2800 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നെങ്കിൽ ഇന്ന്‌ 70 ശതമാനം മഴയും 30 ദിവസത്തിൽ പെയ്ത്‌ തോരുന്നു. മാർച്ചിൽ തുടങ്ങി മേയിൽ അവസാനിച്ചിരുന്ന വേനൽക്കാലം ഫെബ്രുവരി മുതൽ ജൂൺവരെ നീളുന്നുണ്ട്‌. ഇ‍ൗ സാഹചര്യത്തിലാണ്‌ പ്രകൃതി ദത്തമായ രീതിയിൽ പ്രതിരോധം തീർക്കാൻ ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്‌.

 വെള്ളം സംരക്ഷിക്കുന്ന പന

ആദ്യഘട്ടത്തിൽ ഒരു വർഷം ഒരു ലക്ഷം കരിമ്പന വച്ചുപിടിപ്പിക്കാനാണ്‌ തീരുമാനം. കരിമ്പന വേരുകളിലൂടെ മഴവെള്ളം മണ്ണിലേക്ക് ഇറക്കിവിടാനാവും. തമിഴ്നാട്ടിൽ നിന്നുള്ള വരണ്ടകാറ്റിനെ തടയാനും പനകൾക്ക് കഴിയും. ഭാരതപ്പുഴയോരത്ത്‌ ഷൊർണൂർ മുതൽ പട്ടാമ്പിവരെയും എല്ലാ അണക്കെട്ടുകൾക്ക്‌ പരിസരത്തും കരിമ്പന വച്ചുപിടിപ്പിക്കും. കൂടാതെ വാളയാർ മുതൽ ചുള്ളിയാർവരെ ഹരിത ഇടനാഴി തീർക്കാനും പദ്ധതിയുണ്ട്‌. ഒരു വർഷത്തിൽ ഒന്നരലക്ഷം ലിറ്റർ വെള്ളം ഭൂമിയിൽ താഴ്‌ത്തുകയാണ്‌ ലക്ഷ്യം. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭൂഗർഭ ജലത്തിൽ ഫ്ലൂറൈഡ്‌ അംശം കണ്ടെത്തിയിട്ടുണ്ട്‌. കരിമ്പന നട്ടുപിടിപ്പിക്കുന്നതിലൂടെ ഇതും പരിഹരിക്കാനാകും. ഹരിത ഇടനാഴി പ്രവർത്തനങ്ങൾക്ക് ജില്ലാപഞ്ചായത്ത് ഫണ്ട് കണ്ടെത്തും, കൂടാതെ, കോർപറേറ്റ് സാമൂഹികപ്രതിബദ്ധതാ ഫണ്ട് ലഭ്യമാക്കാനും ശ്രമം നടത്തും. പദ്ധതി നടത്തിപ്പിന് വിദഗ്ധസമിതികളുണ്ടാകും. സെപ്തംബർവരെ തൈസമാഹരണത്തിനും നഴ്സറി ഒരുക്കുന്നതിനും വിനിയോഗിക്കും. ഇതുമായി ബന്ധപ്പെട്ട് ഒൻപതിന് തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL