SignIn
Kerala Kaumudi Online
Sunday, 12 July 2026 10.48 AM IST

സ്വർണത്തട്ടിപ്പ്: അന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്ക്ക് വിട്ടു

sk

വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്‌ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടരന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്‌ക്ക് കൈമാറി.

സ്വർണം തട്ടിയെടുത്ത സിന്ധുകുമാരിയെ നാളെ കസ്റ്റഡിയിൽ വാങ്ങാൻ വിഴിഞ്ഞം പൊലീസ് അപേക്ഷ നൽകിയിരിക്കെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്നുള്ള ഉത്തരവ് വന്നത്. ഇതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. രേഖകൾ ഉടൻ കൈമാറും. ജില്ലാ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ (ഡി.സി.ആർ.ബി ) അസി.കമ്മിഷണർക്കാകും അന്വേഷണ ചുമതല. വിഴിഞ്ഞത്ത് ആകെ 19 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.

അതേസമയം പ്രതിക്കെതിരെ മലയിൻകീഴ്,പൂജപ്പുര,​മാറനല്ലൂർ സ്റ്റേഷനുകളിലും സ്വർണത്തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 11.260 ഗ്രാം സ്വർണം തട്ടിയെന്ന ഊരുട്ടമ്പലം സ്വദേശി ശ്യാംകുമാറിന്റെ പരാതിയിലാണ് മലയിൻകീഴ് പൊലീസ് കേസെടുത്തത്. മലയിൻകീഴ് മച്ചേൽ ഭാഗത്ത് 'മുരളി' ഫിനാൻസ് എന്ന പേരിൽ സിന്ധുകുമാരി സ്ഥാപനം നടത്തിയിരുന്നു. പണയം വച്ചതിന്റെ തുക നൽകിയെങ്കിലും ആഭരണങ്ങൾ തിരികെ നൽകിയില്ലെന്നാണ് ശ്യാംകുമാറിന്റെ പരാതി. സിന്ധുകുമാരിയുടെ വീട്ടിൽ നിന്ന് മുരളി,മുരള്യ എന്നീ പേരുകളിലെ ഫിനാൻസിന്റെ രസീതുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സ്വർണത്തട്ടിപ്പ് സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു (28), വെങ്ങാനൂർ സ്വദേശി ഐശ്വര്യ(32)എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്. പ്രതിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നരക്കോടി രൂപയുടെ ഇടപാട് നടന്നതായി പൊലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കോടികളുടെ തട്ടിപ്പിനായി പുറമേ നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നത്. രണ്ട് ബാങ്കുകളിലെ ആറ് അക്കൗണ്ടുകളിലായുള്ള ഇടപാടുകളുടെ രേഖകൾ വിശദമായി പരിശോധിക്കും. സിന്ധുകുമാരിയോട് അടുപ്പമുള്ള മറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ ഉൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണം നീണ്ടേക്കുമെന്നാണ് വിവരം.

കേസ് ഇതുവരെ

----------------------------------

ജൂൺ 30ന് കൂട്ടുകാരികൾ വിഷം കഴിച്ചു

ജൂലായ് 4ന് അഞ്ജു മരിച്ചു

5ന് പ്രതി സിന്ധു കുമാരി അറസ്റ്റിൽ

6ന് ഐശ്വര്യ മരിച്ചു

11ന് കേസ് ഡി.സി.ആർ.ബിക്ക് കൈമാറി ഉത്തരവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL