കൊച്ചി: അടുത്ത ബന്ധുവിനെ പീഡനത്തിന് ഇരയാക്കിയ കുടുംബ ഡോക്ടറെ തടങ്കലിലാക്കി മർദ്ദിക്കുകയും പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര (32) ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബി. ബിബിൻ പെരുമ്പിള്ളി (ബിബിൻ ബേബി-42), കെ.ബി. വിഷ്ണു (31) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ഒളിവിലുള്ള ഒമ്പതു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ 41 വയസുള്ള ഡോക്ടർക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ എസ്സെൻ സ്‌പ്രിംഗ് ഡേൽ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. പ്രമുഖ യുവനടൻ തന്റെ നിർമ്മാണക്കമ്പനിയിലെ ജീവനക്കാർക്ക് താമസിക്കാൻ എടുത്ത അപ്പാർട്ട്‌മെന്റാണിത്.
അടുത്ത ബന്ധുവിന് അസുഖം മൂർച്ഛിച്ചെന്ന് അതുല്യ അറിയിച്ചതനുസരിച്ചാണ് കുരീക്കാട് സ്വദേശിയായ ഡോക്ടർ അപ്പാർട്ട്‌മെന്റിൽ എത്തിയത്. എന്നാൽ അവിടെ ബന്ധു ഉണ്ടായിരുന്നില്ല. പകരം പലഭാഗത്തായി തമ്പടിച്ചിരുന്ന പ്രതികൾ ഡോക്ടറെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഡോക്ടറിൽ നിന്നുണ്ടായ പീഡനശ്രമം അടുത്ത ബന്ധു അതുല്യയോട് പറഞ്ഞിരുന്നു. തുടർന്ന് അതുല്യ സുഹൃത്തുക്കളുമായി ചേർന്ന് ഡോക്ടറെ കുടുക്കാൻ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മർദ്ദിച്ച് അവശനാക്കിയ ശേഷം രാത്രി 10.30നാണ് ഡോക്ടറെ വിട്ടയച്ചത്. ചൊവ്വാഴ്ച ആദ്യ ഗഡുവായി 25 ലക്ഷം രൂപ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഡോക്ടർ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ പ്രതികൾ കവർന്നതായും പരാതിയിലുണ്ട്.
മുംബയിൽ ജനിച്ചുവളർന്ന അതുല്യ ചന്ദ്ര കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകന്റെ ജൂനിയറായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ ഹിൽപാലസ് അൻസൽ സിറ്റി അപ്പാർട്ട്‌മെന്റിലാണ് താമസം. അറസ്റ്റിലായ ബിബിൻ പെരുമ്പിള്ളി ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |