
പാലോട്: നന്ദിയോട് പഞ്ചായത്തിലെ പച്ച വാർഡിലെ കിടാരക്കുഴി ഒൻപതേക്കർ ഹരിജൻ കോളനിവാസികൾക്ക് ഇനി കരമടയ്ക്കാം. 13വർഷമായി വസ്തുവിന്റെ കരം ഒടുക്കാനാകാതെ ഓഫീസുകൾ കയറിയിറങ്ങുന്നു. ഇതുസംബന്ധിച്ച വാർത്ത കേരള കൗമുദി 2025 ആഗസ്റ്റ് 16ന് നൽകിയതുനെ തുടർന്ന് അന്ന് റവന്യൂ മന്ത്രിയായിരുന്ന കെ.രാജൻ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധനയും നടത്തി. 36 കുടുംബങ്ങൾക്ക് കരം തീർക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടു ദിവസത്തിനകം രേഖകൾ കൈമാറുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.
വിവിധ ആവശ്യങ്ങൾക്കായി ഭൂരേഖകൾ വേണ്ടിവന്നപ്പോഴാണ് തങ്ങളുടെ ഭൂമി സർക്കാർ രേഖകളിൽ തരിശു ഭൂമിയാണെന്ന് ഇവിടെത്തുകാർ അറിയുന്നത്. നാല്പതിലധികം കുടുംബങ്ങളാണ് 56വർഷമായി ഒൻപതേക്കറിൽ താമസിക്കുന്നത്. 1969ൽ റവന്യൂവിൽ നിന്നും പട്ടികജാതി വെൽഫെയർ വകുപ്പ് ഏറ്റെടുത്ത 9ഏക്കർ 32സെന്റ് സ്ഥലം ഒരേക്കർ വീതം 9കുടുംബങ്ങൾക്ക് നൽകി. 1973 മുതൽ കരംതീർക്കുന്ന വസ്തുവിൽ 2013 മുതൽ കരം ഒടുക്കാനാകുന്നില്ല. കുറുപുഴ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ സർക്കാർരേഖകൾ പ്രകാരം തരിശുഭൂമിയാണെന്നാണ് പറയുന്നത്. എന്നാൽ കോളനി നിവാസികളായ മൂന്നു പേരുടെ വസ്തു വിലയ്ക്ക് വാങ്ങിയ പട്ടികജാതി അല്ലാത്തവർക്ക് നിലവിൽ ഇതേ വസ്തുവിൽ കരം അടക്കുന്നതിന് ബുദ്ധിമുട്ടുകളില്ല. താലൂക്കിലും വില്ലേജിലും ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കും മന്ത്രിമാർക്കും ഉൾപ്പെടെ ഇത് സംബന്ധിച്ച നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് സ്ഥലവാസിയായ രവീന്ദ്രൻ പറഞ്ഞു. തുടർന്നാണ് മുൻ ഗ്രാമപഞ്ചായത്തംഗം നന്ദിയോട് സതീശൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരള കൗമുദി വാർത്ത നൽകിയതും നടപടി ഉണ്ടായതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |