
മുടപുരം: പൊട്ടിപ്പൊളിഞ്ഞ റോഡ് കാരണം ബസ് സർവീസ് നിറുത്തലാക്കിയതിനാൽ യാത്രാദുരിതത്തിൽ കൈലത്തുകോണം നിവാസികൾ. മംഗലപുരം ഗ്രാമപഞ്ചായത്തിലെ 1,2 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.അഴൂർ - ശാസ്തവട്ടം റോഡിൽ ശാസ്തവട്ടം ജംഗ്‌ഷനിൽനിന്നാരംഭിച്ച് കൈലാത്തുകോണം വഴി,കുറക്കട കൈത്തറി സംഘം ജംഗ്ഷനിൽ എത്തുന്ന റോഡാണ്. ശ്രീശ്രീ രവിശങ്കർ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്. നാട്ടിലെ പ്രധാന ക്ഷേത്രങ്ങളായ കൈലാത്തുകോണം മാടൻനട ക്ഷേത്രം,കീഴതിൽ ഭദ്രകാളി ക്ഷേത്രം,ബാലഭദ്ര ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണ് അനേക വർഷങ്ങളായി തകർന്നുകിടക്കുന്നത്. ഇതുവഴി കാൽനടയാത്ര പോലും ദുഷ്കരമാണ്.
അനേകം സ്കൂൾ ബസുകൾ വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി പോകുന്നത്.
ചിറയിൻകീഴ് നിന്നാരംഭിച്ച് മുടപുരം,കുറക്കട,കൈലാത്തുകോണം,ചെമ്പകമംഗലം വഴി തിരുവനന്തപുരത്തേക്ക് ഉണ്ടായിരുന്ന ബസ് സർവീസാണ് നിറുത്തലാക്കിയത്.ഇപ്പോൾ പ്രദേശവാസികൾക്ക് ഓട്ടോ പിടിച്ച് ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ചെമ്പകമംഗലത്തോ ശാസ്തവട്ടത്തോ കുറക്കടയിലോ പോയി വേണം ബസ് കയറാൻ. തങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാൻ റോഡ് എത്രയും വേഗം ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |