
വിഴിഞ്ഞം: അപകടങ്ങൾ തുടർക്കഥയായ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഇന്നലെയും നടന്നത് രണ്ട് അപകടങ്ങൾ. ഇന്നലെ തിരുവല്ലം ഭാഗത്ത് ബുള്ളറ്റിടിച്ച് സഹോദരിമാർ മരിച്ചിരുന്നു. ഇതിന് മുമ്പ് കഴിഞ്ഞ മാസം 9ന് യുവാവിനും യുവതിക്കും റോഡപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചിരുന്നു. എറണാകുളം വാഴപ്പള്ളി മുളവൂർ നിരപ്പ് വലിയവീട്ടുപറമ്പിൽ നവീൻ സിബി,സുഹൃത്ത് തൊടുപുഴ മുട്ടം മാള അരിക്പുറത്ത് വീട്ടിൽ ഉമ്മൻ വർഗീസിന്റെ മകൾ മൃദുല ആൻ ഉമ്മൻ എന്നിവരാണ് അന്ന് മരിച്ചത്.
ഇന്നലെ രാവിലത്തെ അപകട സ്ഥലത്തിന് സമീപം വൈകിട്ട് ഒരേദിശയിൽ വന്ന അഞ്ചു കാറുകൾ തമ്മിലിടിച്ച് മറ്റൊരപകടവുമുണ്ടായി. ഇതിൽ ഒരു കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. വൺവേ തെറ്റിച്ച് വന്ന കാറിനെ ഇടക്കാതിരിക്കാൻ നിറുത്തിയ കാറിന് പിന്നിൽ തുടർച്ചയായി നാല് കാറുകൾ ഇടിക്കുകയായിരുന്നു. ബൈപ്പാസിന്റെ അമിത വേഗതയിൽ വാഹനങ്ങൾ ചീറിപ്പായുന്നതുകാരണം അപകടസാദ്ധ്യത കൂടുതലാണ്.മക്കോല മുതൽ കോവളം വരെയുള്ള ബൈപ്പാസിൽ ഇരു ചക്രവാഹനങ്ങൾ അമിതവേഗത്തിലാണ് ചീറിപ്പായുന്നത്.
ക്യാമറകൾ വേണം
ബൈപ്പാസിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി എ.ഐ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുചക്ര വാഹനങ്ങൾ നമ്പർ പ്ലേറ്റുകൾ ഇല്ലാതെയും രണ്ടിലധികം യാത്രക്കാരുമായാണ് സഞ്ചരിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
സർവീസ് റോഡുകൾ ഇല്ല
കോവളം പോറോഡ് പാലത്തിനോട് ചേർന്ന് സർവീസ് ഇല്ലാത്തതും ബുദ്ധിമുട്ടാണ്. പാലം പണി ആരംഭിച്ചപ്പോൾ മുതൽ സർവീസ് റോഡ് ഇല്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. സർവീസ് റോഡ് നിർമ്മിക്കുമെന്ന് അന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. കോവളത്ത് നിന്നാരംഭിക്കുന്ന സർവീസ് റോഡും കല്ലുവെട്ടാൻ കുഴിയിൽ നിന്നുള്ള റോഡും പോറോഡ് അവസാനിക്കും. ഇതിനിടെയ്‌ക്കാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഈ ഭാഗത്തുള്ളവർ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. ഏകദേശം 200 മീറ്ററോളം നീളമുള്ളതാണ് പാലം. ഇനി സർവീസ് റോഡ് പണിയണമെങ്കിൽ ഇത്രയും നീളത്തിലും 20 മീറ്ററോളം ഉയരത്തിൽ പാലത്തിന് ഇരുവശത്തും സമാന്തരമായി രണ്ട് പാലങ്ങൾ നിർമ്മിക്കേണ്ട അവസ്ഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |