
വിഴിഞ്ഞം: കാറിൽ കടത്താൻ ശ്രമിച്ച 93 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ ഓപ്പറേഷനിൽ ഡാൻസാഫ് സംഘം സാഹസികമായി പിടികൂടി. പാങ്ങപ്പാറ പുതിയിടത്തിൽ കാവുവിള പനയിൽ വീട്ടിൽ അനന്തുകൃഷ്‌ണൻ(31അപ്പു),വലിയവേളി വിജയഹൗസിൽ തോമസ് ടെറി(30,ടിനു) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കാറിന്റെ ഇന്ധനം നിറയ്ക്കുന്ന ഭാഗത്തും ഇവരുടെ ഷൂവിലുമായാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ കോവളം ജംഗ്ഷന് സമീപം ബൈപ്പാസിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കിടെ പോറോട് പാലത്തിൽ വച്ച് പൊലീസ് വാഹനങ്ങളെ ഇടിച്ചിട്ട ശേഷം കാർ പുറകിലേക്കെടുത്ത് രക്ഷപെടാൻ ശ്രമിക്കവെ മറ്റ് വാഹനങ്ങൾകൊണ്ട് കാറിനെ തടഞ്ഞുനിറുത്തിയാണ് പ്രതികളെ പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് തമിഴ്നാട് അതിർത്തിവരെ ബസിൽ സഞ്ചരിച്ച അനന്തുവിനെ തോമസ് കാറിൽ കൂട്ടിക്കൊണ്ടുവരവെയാണ് പിടിയിലാകുന്നത്. മറ്റൊരാൾക്കായി വില്പനയ്ക്കായാണ് എത്തിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.അനന്തുവിനെതിരെ നേരത്തെ ലഹരി മരുന്ന്കേസുണ്ടെന്നും ശ്രീകാര്യം സ്‌റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. തുടർ അന്വേഷണത്തിനായി പ്രതികളെ കോവളം പൊലീസിന് കൈമാറി കോടതിയിൽ ഹാജരാക്കി. വിശദ അന്വേഷണത്തിനായി കസ്‌റ്റഡിയിൽ ലഭ്യമാക്കുമെന്ന് കോവളം സി.ഐ വി.എം.ശ്രീകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |