
കൊല്ലം:സ്വത്ത് സ്വന്തം പേരിലാക്കാൻ മാതാപിതാക്കളെ മർദ്ദിച്ച് വീട്ടിൽനിന്ന് ഇറക്കിവിടുകയും അമ്മയുടെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത് ഒളിവിലായിരുന്ന മകൾ അറസ്റ്റിൽ. തിരുവനന്തപുരത്തെ ഫ്ളാറ്റിൽ നിന്നാണ് കൊല്ലം ഒഴുകുപാറയ്ക്കൽ സ്വദേശിനി അശ്വതിഅച്ചുവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകൾ അമൃതയും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്.
അമൃത നേരത്തെ അറസ്റ്റിലായിരുന്നു. അമ്മയുടെ നിർദേശപ്രകാരമാണ് തിളച്ചവെള്ളം ഒഴിച്ചതെന്നാണ് അമൃതയുടെ മൊഴി. മാതാപിതാക്കളുടെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കിട്ടിരുന്നു. കഴിഞ്ഞദിവസം രാത്രി വീട്ടിൽ നിന്ന് ബലമായി ഇറക്കിവിടുന്നതിനിടെ അമ്മ രാധാമണിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു.
രാധാമണിയുടെ പരാതിയിൽ ചടയമംഗലം പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് അശ്വതി പിടിയിലായത്. ഇവർക്കെതിരേ നിരവധി ക്രിമിനൽ കേസുകളുണ്ട്.
വിവാഹവാഗ്ദാനം നൽകി 68കാരനിൽ നിന്ന് പണം തട്ടിയ കേസിലും പൂവാർ സ്വദേശിയിൽ നിന്ന് 40000രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ്. പൊലീസുകാരേയും രാഷ്ട്രീയനേതാക്കളെയും ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയിട്ടുണ്ടെന്നും പറയുന്നു. സൗഹൃദം സ്ഥാപിച്ച് അശ്ലീലചാറ്റുകളിലൂടെ പണം തട്ടുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |