
കല്ലറ: ആന,കാട്ടുപോത്ത്,മ്ലാവ്,പുലി,കരടി,പന്നി,മയിൽ,കുരങ്ങ്... പറഞ്ഞ് വരുന്നത്,തിരുവനന്തപുരം മൃഗശാലയുടെ കാര്യമല്ല.ഭരതന്നൂർ,പാലോട് പ്രദേശങ്ങളിലെ കാര്യമാണ്.കാട് വിട്ടിറങ്ങിയ വന്യമൃഗങ്ങളെല്ലാം ഇപ്പോൾ ഇവിടെയാണ് തമ്പടിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം മൈലമൂട് കുണ്ടാട് ശ്രാവണം വീട്ടിൽ ശ്രീകുമാറിന്റെ ആടിനെ കാട്ടുപോത്ത് കുത്തിക്കൊന്നു.വീട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.പ്രദേശത്തെ കൃഷിയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
മാസങ്ങളായി പ്രദേശത്ത് കാട്ടുപോത്ത് ശല്യം വർദ്ധിച്ചിരിക്കുകയാണെന്നും,പകൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന ഇവിടെ 50 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ ഭയന്നാണ് ഇവരുടെ താമസം.
നെല്ല് നശിപ്പിച്ച് പന്നി
കൃഷി ചെയ്ത നെല്ല് ഉൾപ്പെടെയുള്ള വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിച്ചു.കതിരായ നെല്ലുകളാണ് കൂട്ടത്തോടെ വയലുകളിറങ്ങി പന്നികൾ നശിപ്പിക്കുന്നത്.കൂടാതെ വയൽ വരമ്പുകൾ കുത്തി നശിപ്പിക്കുന്നതും പതിവാണ്.കരപ്രദേശങ്ങളിൽ കൃഷി ചെയ്തിതിരിക്കുന്ന മരിച്ചീനി,വാഴ,ചേന,ചേമ്പ് തുടങ്ങിയ വിളകളും കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവാണ്.
പന്നി,മ്ലാവ് എന്നിവയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു.
കൃഷിയിടത്ത് കമ്പിവേലി,സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കേണ്ട ഗതികേടിലാണ് കർഷകർ.സ്വർണം പണയം വച്ചും ലോണെടുത്തും കൃഷി ചെയ്യുന്ന പാവപ്പെട്ട കർഷകർക്ക് ഈ ചെലവ് കൂടി വഹിക്കാൻ കഴിയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |