തിരുവനന്തപുരം: ആർക്കും എന്തുമാകാം എന്ന സ്ഥിതിയിലുള്ള സമൂഹമാദ്ധ്യമങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങളെ സ്വാധീനിക്കുന്നു എന്നതാണ് ഇന്നു മാദ്ധ്യമരംഗം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദയാപാലസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുത്തൻകൂറ്റ് മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്ന പുതിയ മാദ്ധ്യമ സംസ്‌കാരം കേരളത്തിന് അപകടകരമാണ്.
അച്ചടി മാദ്ധ്യമങ്ങൾ മാത്രമുണ്ടായിരുന്ന കാലത്തെ മാദ്ധ്യമ സംസ്‌കാരമല്ല ഇന്ന്. അച്ചടി മാദ്ധ്യമങ്ങൾക്കു ശാന്തതയുണ്ടായിരുന്നു. എന്നാൽ, ദൃശ്യ മാദ്ധ്യമങ്ങളുടെ കടുത്ത മത്സരത്തിൽ ശാന്തതയില്ലാതായി. പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ മാദ്ധ്യമങ്ങൾ വിമർശിക്കുക സ്വാഭാവികമാണ്. തെറ്റുകൾ ചൂണ്ടിക്കാണിക്കണം. എന്നാൽ, വിമർശനം വസ്തുതാപരവും കാര്യമുള്ളതും ആകുമ്പോഴാണ് ശ്രദ്ധിക്കപ്പെടുക. മാദ്ധ്യമങ്ങൾക്കുള്ളതുപോലെ വായനക്കാർക്കും പ്രേക്ഷകർക്കും അവകാശങ്ങളുണ്ട്. അതും സംരക്ഷിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് എസ്.ശ്രീകേഷ് അദ്ധ്യക്ഷനായി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.ജോൺ, അനൂപ് ജേക്കബ്, ബിന്ദു കൃഷ്ണ, എൻ.ഷംസുദ്ദീൻ, എം.ലിജു, മേയർ വി.വി. രാജേഷ്, പ്രസ് ക്ലബ് സെക്രട്ടറി പി.ആർ. പ്രവീൺ, ട്രഷറർ വി.വിനീഷ്, ജോയ് നായർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനു ശേഷം മുഖ്യമന്ത്രി അരമണിക്കൂറോളം കുട്ടികളോടൊപ്പം ചെലവഴിച്ചു. അവരോട് കുശലം പറയാനും ഒപ്പം സെൽഫി എടുക്കാനും അദ്ദേഹം സമയം കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |