SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

നാവായിക്കുളത്ത് താഴ്‌വീണ് കശുഅണ്ടി വ്യവസായം

kadumoodiya-nilayil

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കശുഅണ്ടി ഫാക്ടറികൾക്ക് താഴ് വീണിട്ട് അഞ്ചുവർഷം.ഫാക്ടറികളിലെ വിവിധ വിഭാഗങ്ങളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുരിതപൂർണം.തൊഴിലാളികളുടെ പ്രശ്നനങ്ങൾ നിരവധിത്തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം കാണാൻ നടപടിയൊന്നുമുണ്ടായിട്ടില്ല.
ഇറക്കുമതി ചുങ്കത്തിലെ വർദ്ധനവും കൂലിവർദ്ധനവും ഉൾപ്പെടെ ഉത്പാദനച്ചെലവ് കുത്തനെ ഉയർന്നതാണ് ഫാക്ടറികൾ അടച്ചുപൂട്ടാൻ കാരണമായത്.കേന്ദ്രസർക്കാർ 2015 ഫെബ്രുവരിയിൽ ഇറക്കുമതിച്ചുങ്കം വർദ്ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ കൂലി വർദ്ധിപ്പിച്ചതും പ്രാദേശികമായി തോട്ടണ്ടി ലഭ്യമല്ലാതായതും കശുഅണ്ടി വ്യവസായത്തിന് തിരിച്ചടിയായി.

കശുഅണ്ടിത്തോട്ടങ്ങൾ വ്യാപകമായി റബർകൃഷിയിലേക്ക് മാറിയതോടെ നാട്ടിലെ തോട്ടണ്ടി ഉത്പാദനവും ഗണ്യമായി കുറഞ്ഞു.ഇതോടെ മറ്റു ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും തോട്ടണ്ടി എത്തിച്ചാണ് ഫാക്ടറികളിൽ സംസ്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ഇപ്പോൾ അതും കിട്ടാനില്ല.

ഫാക്ടറികളിൽ നിന്ന് പിരിഞ്ഞുപോയ തൊഴിലാളികൾക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

ഉണ്ടായിരുന്നത്

17 ഫാക്ടറികൾ

നാവായിക്കുളം പഞ്ചായത്തിൽ ഒരുകാലത്ത് 17 കശുഅണ്ടി ഫാക്ടറികളാണ് പ്രവർത്തിച്ചിരുന്നത്.ഇവയെല്ലാം സ്വകാര്യ മേഖലയിലായിരുന്നു.നിലവിൽ ഇരുപത്തെട്ടാംമൈലിലെ കാപെക്സ്‌ ഫാക്ടറി മാത്രമാണ് പ്രവർത്തിക്കുന്നത്.ഇവിടെയും തൊഴിലാളികൾക്ക് വല്ലപ്പോഴും മാത്രമാണ് ജോലി ലഭിക്കുന്നത്.

കശുഅണ്ടി തൊഴിലാളികൾക്ക് പ്രതിമാസം 2000 രൂപ മാത്രമാണ് പെൻഷനെന്നും,ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പല കമ്പനികളും ഇതുവരെ നൽകിയിട്ടില്ലെന്നും പരാതിയുണ്ട്.

കെട്ടിടം നശിക്കുന്നു

പ്രവർത്തനം നിലച്ചതോടെ ചില ഫാക്ടറികൾ പൂർണമായും നശിച്ചനിലയിലാണ്.വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ യന്ത്രസാമഗ്രികളും കേടാകുകയാണ്.പലതും ഇഴജന്തുക്കളുടെയും മരപ്പട്ടികളുടെയും താവളമായി.ചിലയിടങ്ങൾ ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളായും മാറിയിട്ടുണ്ട്.

ആനുകൂല്യങ്ങൾ ഒന്നുമില്ല

ഫാക്ടറികൾ അടഞ്ഞതോടെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടമായി.ക്ഷേമനിധി പെൻഷനും മുടങ്ങിയതായി തൊഴിലാളികൾ പറയുന്നു. വർഷങ്ങളോളം കശുഅണ്ടി ഫാക്ടറികളിൽ ജോലിചെയ്ത ഒട്ടേറെപ്പേർ വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സിക്കാൻ പണമില്ലാതെ ദുരിതത്തിലുമാണ്.

കശുവണ്ടി തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ കേരള,കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം.ഫാക്ടറി ഉടമകളുമായി സർക്കാർതലത്തിൽ ചർച്ച നടത്തി തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങളും പെൻഷനും നൽകണം.അടഞ്ഞുക്കിടക്കുന്ന ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കണം.

മുല്ലനല്ലൂർ ശിവദാസൻ,

മുൻ പീലിംഗ് മേസ്തിരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL