SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.31 AM IST

അല്പശി ഉത്സവത്തിന്റെ പള്ളിവേട്ട കഴിഞ്ഞു; ആറാട്ട് ഇന്ന്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്നലെ രാത്രി നടന്നു. ഇന്ന് വൈകിട്ട് ശംഖുംമുഖം കടലിൽ നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
രാത്രി 8ന് പടിഞ്ഞാറെനട വഴിയാണ് വേട്ടപ്പുറപ്പാട് നടന്നത്. ശ്രീപദ്മനാഭസ്വാമിയെ സ്വർണ ഗരുഡവാഹനത്തിലും നരസിംഹസ്വാമിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിവാഹനങ്ങളിലും എഴുന്നള്ളിച്ചു. വാദ്യമേളങ്ങളില്ലാതെ പൂർണനിശബ്ദതയിലാണ് വേട്ടപ്പുറപ്പാട് നടന്നത്. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ ഉടവാളേന്തി അകമ്പടിയേകി. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലാണ് പള്ളിവേട്ട നടന്നത്. രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതീബായി,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി,ഭരണസമിതി അംഗങ്ങളായ ആദിത്യവർമ്മ,ചെമ്പഴന്തി അനിൽ,ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അഡ്മിറൽ അനന്ദ്കുമാർ, മാനേജർ എൻ.കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വേട്ടക്കളത്തിൽ പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്താണ് ക്ഷേത്രം സ്ഥാനി വേട്ട നിർവഹിച്ചത്. തുടർന്ന് ശംഖുനാദം മുഴങ്ങി. വാദ്യഘോഷങ്ങളോടെ വടക്കേനട വഴി വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു. ശ്രീപദ്മനാഭസ്വാമിയെ ഒറ്റക്കൽ മണ്ഡപത്തിൽ പള്ളിക്കുറുപ്പിനിരുത്തി.

ഇന്ന് വൈകിട്ട് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽനിന്നാരംഭിക്കും.

ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും ശ്രീ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലൂടെ ശംഖുംമുഖം കടപ്പുറത്തെത്തിക്കും. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, വടുവത്ത് മഹാവിഷ്ണു ക്ഷേത്രം, ചെറിയ ഉദയേശ്വരം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ ആറാട്ട് ഘോഷയാത്രയും അകമ്പടിയായി ഒപ്പമുണ്ടാകും. ശംഖുമുഖം കടപ്പുറത്ത് കൂടി ആറാട്ട് നടത്തിയ ശേഷം ക്ഷേത്രങ്ങളിലേക്ക് മടങ്ങും. ഇതിനായി വിമാനത്താവളം അഞ്ചുമണിക്കൂറോളം അടച്ചിടും. 21ന് ആറാട്ട് കലശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL