ചാലക്കുടി: വാഹനമോടിക്കുമ്പോൾ അമിതവേഗവും അശ്രദ്ധയും സമൂഹത്തിന് നൽകുന്നതെന്താണ് ?. ലക്ഷ്യ ബോധമില്ലാത്ത ഡ്രൈവിംഗ് വരുത്തിയ ദുരന്തത്തിന്റെ നേർച്ചിത്രമാണ് വെറ്റിലപ്പാറയിലെ മിഥുലിന്റെ ഇന്നത്തെ ജീവിതം.
സെപ്തം. 22 ഞായർ... ആലുവ രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന മിഥുലിന് തലയിൽ രണ്ടാമത്തെ ശസ്ത്രക്രിയ ചെയ്യണം. ഇതിനായി തലയോടിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് വയറിനകത്ത് സുരക്ഷിതമായി വച്ചു. ഇനിയും ശസ്ത്രക്രിയ വേണം. കരളിനും വൃക്കകൾക്കും തകരാറ് സംഭവിച്ചെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ശരീരത്തിന്റെ വലതുഭാഗം നിശ്ചലമാണ്. ഈ പതിനേഴുകാരനെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ലക്ഷങ്ങൾ വേണം. കൂടെ ഏറെക്കാലത്തെ ക്ഷമയോടെയും കരുതലോടെയുമുള്ള പരിചരണം.
സെപ്തം. 17 ചൊവ്വ...
പുളിയിലപ്പാറയിലെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ വടക്കൻ അജിയുടെ മകൻ ഡെൽജോ പിതാവിന്റെ ബൈക്കിൽ ചാലക്കുടിയിക്ക് പുറപ്പെട്ടു. വെറ്റിലപ്പാറയിൽ വച്ച് സുഹൃത്ത് മിഥുലും കൂടി. വാഹനങ്ങളുടെ മത്സരയോട്ടത്തിന് കുപ്രസിദ്ധിയാർജ്ജിച്ച അതിരപ്പിള്ളി റോഡ്. പള്ളിപ്പുറം ഭാഗത്ത് യാത്രക്കാരെ ഇറക്കാൻ ലക്ഷ്യ ബോധമില്ലാതെ സ്വകാര്യ ബസ് നിറുത്തുന്നു. ബസിനെ മറികടന്ന് പല വാഹനങ്ങളും കടന്നുപോയി. ഡെൽജോ ഓടിച്ചിരുന്ന ബൈക്ക് കടന്നുപോയത് എതിരെ പാഞ്ഞുവന്ന മറ്റൊരു ബസിന്റെ മുന്നിലേക്ക്. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ് 19 കാരൻ ഡെൽജോ തത്ക്ഷണം മരിച്ചു. പിന്നിലിരുന്ന മിഥുലാകട്ടെ മൃതപ്രായാവസ്ഥയിൽ. തൊട്ടടുത്ത് മരണ ദൂതുമായി ബസെത്തിയ നിമിഷം, ഡെൽജോ പ്രാണരക്ഷാർത്ഥം കൈ ഉയർത്തുന്ന ദൃശ്യം നിരീക്ഷണ ക്യാമറയിൽ കണ്ടവർ മറക്കില്ല. പറഞ്ഞിട്ടെന്തു കാര്യം?. ഏതെങ്കിലും ഒരു വാഹനം ഈ മത്സരയോട്ടം അവസാനിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഡെൽജോയും മിഥുലും നാട്ടിൽ ഓണമാഘോഷിച്ചേനെ...
സെപ്തംബർ 22... വെറ്റിലപ്പാറ പാലം ജംഗ്ഷൻ
കാരുണ്യ സ്പർശത്തിന്റെ പര്യായമായ ഷാജി പാപ്പന്റെ തട്ടുകട കേന്ദ്രീകരിച്ച് നാട്ടുകാർ രംഗത്ത്. ഒരു കൈയിൽ ബക്കറ്റും മറുകൈയിൽ പ്ലക്കാർഡുമായി വാഹനൾ തടയുന്നു. വിനോദ സഞ്ചാരികൾ അടക്കമുള്ളവരിൽ നിന്നും പണം സ്വരൂപിക്കുന്നു. തങ്ങളുടെ പതിനൊന്നാമത്തെ ദൗത്യത്തിലും അവർ ഉറച്ചു വിശ്വസിക്കുന്നു. മിഥുലിനെ രക്ഷിക്കാനുള്ള ലക്ഷങ്ങൾ സ്വരുക്കൂട്ടാമെന്ന്. തേങ്ങയും മറ്റ് കാർഷിക വിളകളുമെത്തിച്ച് പരിസരത്തെ വീട്ടുകാരും പുണ്യപ്രവൃത്തികളിൽ പങ്കാളികളാകുന്നു. മിഥുലിന്റെ ജീവന് ഇനി പണത്തേക്കാൾ വിലയുണ്ട്. (പണമയക്കാൻ : 894356 3031)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |