SignIn
Kerala Kaumudi Online
Saturday, 24 October 2026 12.43 AM IST

സ്വർണക്കപ്പിന് വരവേൽപ്പ്

തൃശൂർ: രണ്ടരപ്പതിറ്റാണ്ടിന് ശേഷം സാംസ്‌കാരിക തലസ്ഥാനത്തേക്ക് സ്വർണക്കപ്പ് എത്തിയപ്പോൾ പൂരത്തോളം ആവശം. കഴിഞ്ഞ ദിവസം കൊടിയിറങ്ങിയ കലോത്സവത്തിന്റെ ജേതാക്കൾക്കുള്ള നൂറ്റിപ്പതിനേഴര പവന്റെ സ്വർണക്കപ്പുമായി മന്ത്രിയും ജനപ്രതിനിധികളും അദ്ധ്യാപകരും വിദ്യാർത്ഥികളും പൂരനഗരിയിൽ എത്തിയപ്പോൾ മുദ്രവാക്യങ്ങൾ മുഖരിതമായ അന്തരീക്ഷം, കപ്പ് വഹിച്ച സ്വീകരണ വാഹനത്തോടൊപ്പം അണിചേർന്നത് ആയിരങ്ങൾ.

ഇന്നലെ ഉച്ചയോടെയാണ് നഗരത്തിലേക്ക് സ്വർണക്കപ്പ് എത്തിയത്. തുടർന്ന് നഗരം ചുറ്റി മോഡൽ ഗേൾസ് സ്‌കൂൾ പരിസരത്ത് നിന്നും ബാൻഡ് വാദ്യത്തിന്റെയും നൂറുക്കണക്കിന് വിദ്യാർത്ഥികളുടെയും അകമ്പടിയോടെ ടൗൺഹാളിലേക്ക് ഘോഷയാത്ര നീങ്ങി. സെക്രഡ് ഹാർട്ട് സ്‌കൂളിന്റെ മുന്നിലെത്തിയപ്പോൾ മേശപൂക്കളും ലാത്തിരിയും പൂത്തിരിയും കത്തിച്ചായിരുന്നു വരവേൽപ്പ്. തുറന്ന വാഹനത്തിൽ കലോത്സവ പ്രതിഭകൾക്കൊപ്പം മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ, വി.എസ്. പ്രിൻസ്, എം.എൽ. റോസി, ജോസഫ് ടാജറ്റ് എന്നിവരുമുണ്ടായിരുന്നു. ടൗൺഹാളിലേക്ക് സ്വർണക്കപ്പും മറ്റ് ട്രോഫികളും എത്തിച്ചതോടെ വാനോളം ആവേശം.

വിദ്യാർത്ഥികൾക്കൊപ്പം ജനപ്രതിനിധികളും ആവേശഭരിതരായി. വേദിയിൽ വച്ച് യഥാർത്ഥ സ്വർണക്കപ്പ് മന്ത്രി കെ. രാജൻ വിദ്യാഭ്യാസ ഉപ ഡയറക്ടർ അജിത കുമാരിക്ക് കൈമാറി. പിന്നീട് അത് ട്രഷറിയിലേക്ക് മാറ്റി. ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ സേവ്യർ ചിറ്റിലപ്പിള്ളി, യു.ആർ. പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ലത ചന്ദ്രൻ, വി.എൻ. സുർജിത്, പി.കെ. ഷാജൻ, ജോസഫ് ടാജറ്റ്, ജയപ്രകാശ് പൂവത്തിങ്കൽ, എ.ഡി.എം: ടി. മുരളി, സാറമ്മ റോബ്സൺ, റഹിം വീട്ടിപറമ്പിൽ, എ.കെ. അജിത കുമാരി, ടീം മനേജർ ബിനോയ് ടി. മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.

നേരത്തെ ജില്ലാ അതിർത്തിയായ കൊരിട്ടിയിൽ വച്ച് സ്വർണക്കപ്പിനെ വരേവറ്റു. തുടർന്ന് ചാലക്കുടി, പുതുക്കാട്, ഒല്ലൂർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു തൃശൂരിലെത്തിച്ചത്.


സുവർണോത്സവം സംഘടിപ്പിക്കും

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അവർ അവതരിപ്പിച്ച കലാരൂപങ്ങൾ അവതരിപ്പിക്കുന്ന സുവർണോത്സവം സംഘടിപ്പിക്കും. തൃശൂരിനെ സംബന്ധിച്ച് ഏറെ അഭിമാനകരമായ സന്ദർഭമാണിത്. ഇത് തൃശൂരിൽ നിലനിറുത്തുന്നതിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനി നടത്തേണ്ടത്.

- മന്ത്രി കെ. രാജൻ

മത്സരിച്ച ഇനങ്ങളിൽ എല്ലാം പോയന്റ്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആകെയുള്ള 249 ഇനങ്ങളിൽ തൃശൂർ മത്സരിച്ചത് 248ൽ. എല്ലാ ഇനങ്ങളിലും പോയിന്റ് നേടിയെന്ന അപൂർവ നേട്ടവും ഇക്കുറി തൃശൂരിന് സ്വന്തം. 240 ഇനങ്ങളിൽ എ ഗ്രേഡ് നേടിയപ്പോൾ എട്ട് ഇനങ്ങളിൽ ബി ഗ്രേഡും ലഭിച്ചു.

കായിക രംഗത്തും മേധാവിത്വം

നവംബറിൽ കൊച്ചിയിൽ സമാപിച്ച കായിക മേളയിൽ ഓവറാൾ റണ്ണറപ്പായിരുന്നു തൃശൂർ. സ്‌പോർട്സ് ആൻഡ് ഗെയിംസ് ഇനങ്ങളിൽ 848 പോയിന്റ് നേടിയാണ് നേട്ടം. പിന്നാലെയാണ് കലാരംഗത്തെ കിരീടനേട്ടം.


നേടിയ പോയന്റുകൾ

  • ഗെയിംസ് 744
  • നീന്തൽ 70
  • അത്‌ലറ്റിക്‌സ് 34
  • ആകെ 844

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL