SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.04 AM IST

തലസ്ഥാനത്ത് ജയം, വേരുകൾ തൃശൂരിൽ! മന്ത്രിസഭയിൽ തൃശൂരിന് 'ട്രിപ്പിൾ' തിളക്കം!

തൃശൂർ: യു.ഡി.എഫ് മന്ത്രിസഭയിൽ ഇടംനേടിയ ഒ.ജെ. ജനീഷിന് പുറമേ, തൃശൂരിന്റെ മണ്ണിൽ വേരുകളുള്ള രണ്ട് പ്രമുഖർ കൂടി മന്ത്രിമാരായതിന്റെ ആവേശത്തിലാണ് സാംസ്‌കാരിക നഗരി. ആരോഗ്യം, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കെ.മുരളീധരൻ തൃശൂരിലും ഗതാഗത മന്ത്രി സി.പി.ജോൺ കുന്നംകുളത്തുമാണ് ജനിച്ചത്.
തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഇരുവരും വിജയിച്ചതെങ്കിലും ജന്മംകൊണ്ട് തൃശൂർക്കാരായതോടെ ജില്ലയ്ക്ക് മൂന്ന് മന്ത്രിമാരെ ലഭിച്ചുവെന്ന് അവകാശപ്പെടാം. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മേയ് 14ന് തൃശൂരിലാണ് കെ.മുരളീധരന്റെ ജനനം. പൂങ്കുന്നം ഗവ. ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 2004 ഫെബ്രുവരി 11ന് കെ.പി.സി.സി പ്രസിഡന്റായിരിക്കെ എ.കെ. ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. തുടർന്ന് വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് പരാജയപ്പെട്ടു.

സി.ഐ. പൗലോസ് - റോസ പൗലോസ് ദമ്പതികളുടെ മകനായി 1957 ഏപ്രിൽ 22ന് കുന്നംകുളത്താണ് സി.പി. ജോണിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം കുന്നംകുളത്തായിരുന്നു. ഇവിടെ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തൃശൂർ പൂരത്തിന്റെയും മേളങ്ങളുടെയും ആസ്വാദകനായ അദ്ദേഹം ജില്ലയിലെ സജീവ സാന്നിദ്ധ്യമാണ്.
ഒ.ജെ.ജനീഷും സി.പിജോണും ആദ്യമായാണ് നിയമസഭയിലെത്തുന്നത്. ജനീഷിന് യുവജനക്ഷേമ വകുപ്പാണ് ലഭിച്ചത്. ജില്ലയുമായി അടുത്ത ബന്ധമുള്ള മൂന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യം തൃശൂരിന്റെ വികസനത്തിന് വേഗം കൂട്ടുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL