SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.04 AM IST

കൺസഷൻ നിരക്ക് വർദ്ധന: അരുതെന്ന് വിദ്യാർത്ഥികൾ, വേണമെന്ന് ബസുടമകൾ

bus

തൃശൂർ: ഇന്ധനവില വർദ്ധനവിൽ നിന്നും രക്ഷനേടാൻ വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ബസുടമകൾ ആവശ്യപ്പെടുമ്പോൾ അരുതെന്ന് വിദ്യാർത്ഥി സംഘടനകൾ. 2012 നവംബറിലാണ് വിദ്യാർത്ഥികളുടെ മിനിമം ചാർജ് 50 പൈസയിൽ നിന്നും ഒരു രൂപയാക്കിയത്. 13 വർഷത്തിന് ശേഷവും നിരക്ക് ഉയർത്താത്തത് അനീതിയാണെന്നും ഇന്ധനച്ചെലവും മറ്റ് ചെലവുകളും അധികരിച്ചെന്നുമാണ് ബസ് ഉടമകളുടെ പക്ഷം.

എന്നാൽ, ഇന്ധനവില വർദ്ധനവിന് പരിഹാരം വിദ്യാർത്ഥി കൺസഷൻ നിരക്ക് കൂട്ടലല്ലെന്ന് പ്രമുഖ വിദ്യാർത്ഥി സംഘടനാ നേതാക്കൾ പറയുന്നു. കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്നും യഥാർത്ഥ വിദ്യാർത്ഥികൾക്ക് മാത്രം ആനുകൂല്യം ലഭിക്കുന്നവിധം കൺസഷൻ സമ്പ്രദായം നടപ്പാക്കണമെന്നുമാണ് ബസുടമകളുടെ വാദം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.

വിദ്യാർത്ഥികളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ആവശ്യമുള്ളവർക്ക് മാത്രം കുറഞ്ഞ നിരക്ക് നൽകണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. യാത്രാ ആനുകൂല്യം വിദ്യാർത്ഥികളുടെ അവകാശമാണെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ നോക്കി പരിമിതപ്പെടുത്താൻ സമ്മതിക്കില്ലെന്നുമാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.


ബസ് വ്യവസായം നഷ്ടത്തിലാകുന്നത് വിദ്യാർത്ഥികൾ കയറുന്നത് കൊണ്ടല്ല, വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കാൻ അനുവദിക്കില്ല. യു.ഡി.എഫാണ് ഭരിക്കുന്നതെങ്കിലും വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടിയാൽ സമരത്തിനിറങ്ങും.

-ഗോകുൽ ഗുരുവായൂർ,

കെ.എസ്.യു ജില്ലാ പ്രസിഡന്റ്

ബസ് ഉടമകൾ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചതായി അറിയില്ല. ഇത്തരം ചർച്ചകൾ വരുമ്പോൾ കർശനമായി പ്രതിരോധിക്കും. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധനവ് അംഗീകരിക്കില്ല.

-അഭിജിത്ത്,

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി


വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന ഒരിക്കലും അംഗീകരിക്കാനാകില്ല. കഴിഞ്ഞ തവണ അർജുൻ പാണ്ഡ്യൻ കളക്ടറായിരിക്കുമ്പോൾ ചേർന്ന യോഗത്തിലും എ.ഐ.എസ്.എഫ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

-മിഥുൻ പൊറ്റേക്കാരൻ,

എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി


കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച സർക്കാർ വിദ്യാർത്ഥികൾക്ക് കൂടി അനുവദിക്കണമെന്നാണ് ആവശ്യം. നിരക്ക് വർദ്ധിപ്പിക്കുന്നതിനോട് യോജിക്കാനാകില്ല.

-അക്ഷയ്,

എ.ബി.വി.പി ദേശീയ നിർവാഹക സമിതി അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL