മാള: കൃഷിച്ചെലവ് കുതിച്ചുയരുകയും സർക്കാർ ആനുകൂല്യങ്ങളിൽ അനിശ്ചിതത്വം വർധിക്കുകയും ചെയ്തതോടെ മേഖലയിലെ നെൽക്കർഷകർ പ്രതിസന്ധിയിലേക്ക്. ഒരുവശത്ത് രാസവളങ്ങളുടെ വിലവർധനവും കടുത്ത തൊഴിലാളി ക്ഷാമവും കർഷകരുടെ നടുവൊടിക്കുമ്പോൾ, മറുവശത്ത് കേന്ദ്രസർക്കാരിന്റെ അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതാണ് കർഷകരെ കൂടുതൽ ആശങ്കയിലാക്കുന്നത്. അടുത്തവർഷം മുതൽ കൃഷി ആനുകൂല്യങ്ങൾ, സബ്‌സിഡികൾ, വളം എന്നിവ ലഭിക്കാൻ അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമാണെന്നാണ് വ്യവസ്ഥ. എന്നാൽ സ്വന്തം പേരിൽ ഭൂമിയുള്ളവർക്ക് മാത്രമേ ഇതിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്നതാണ് പ്രതിസന്ധി.
തുമ്പരശ്ശേരി പാടശേഖരത്തിൽ 90 ശതമാനം കർഷകരും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി. ഭൂമി ഉടമകൾ പലരും വിദേശത്താണ്.
മക്കളുടെയോ പേരിലുള്ള ഭൂമിയിലോ കുടുംബസ്വത്തിലോ കൃഷി ചെയ്യുന്നവർക്കും സമാന പ്രശ്‌നങ്ങളുണ്ട്. ഇതോടെ കൃഷി ചെയ്യുന്നവർക്കല്ല, ഭൂമിയുടെ ഉടമസ്ഥർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുകയെന്ന സാഹചര്യം ഉണ്ടാകുമെന്ന് കർഷകർ
ചൂണ്ടിക്കാട്ടുന്നു.
കുതിച്ചുയർന്ന് വളവിലയും കൂലിയും
കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് രാസവളങ്ങളുടെ വിലയിൽ വൻ വർധനവാണ്. ഒരു ഏക്കർ കൃഷിക്ക് വേണ്ട ചെലവ് മുൻവർഷങ്ങളെ അപേക്ഷിച്ച് വൻതോതിൽ വർധിച്ചിട്ടും നെല്ലിന്റെ സംഭരണവിലയിൽ മാറ്റമില്ലാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
വളംവിലയ്‌ക്കൊപ്പം തൊഴിലാളി കൂലിയും കുതിച്ചുയർന്നു. ഡിസംബറിൽ 800 രൂപയായിരുന്ന കൂലി ഇപ്പോൾ 1100 രൂപയും ഭക്ഷണവുമാണ്. ഇത്രയും ഉയർന്ന കൂലി നൽകിയാലും അന്യസംസ്ഥാന തൊഴിലാളികളെ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. തൊഴിലാളി ക്ഷാമം മൂലം കൃഷിപ്പണികൾ സമയബന്ധിതമായി നടത്താൻ കഴിയാത്തത് വിളവെടുപ്പിനെ ബാധിക്കുന്നുണ്ടെന്നും പലരും കൃഷിയിറക്കാൻ മടിക്കുകയാണെന്നും പാടശേഖര സമിതി അംഗങ്ങൾ വ്യക്തമാക്കുന്നു.അഞ്ച് വർഷം മുമ്പ്
ലഭിച്ചിരുന്ന 28 രൂപ 30 പൈസ നിരക്കിൽ തന്നെയാണ്
ഇപ്പോഴും നെല്ല് സംഭരിക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ടവരുമെന്ന് കർഷകർ പറയുന്നു. കുഴൂർ പഞ്ചായത്തിലെ തുമ്പരശ്ശേരി പാടശേഖര സമിതിയുൾപ്പെടെ ഇതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്.
വൈക്കോലും പ്രതിസന്ധിയിൽ
വൈക്കോൽ വാങ്ങാൻ ആളില്ലാത്തതും മറ്റൊരു പ്രതിസന്ധിയാണ്. പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന വൈക്കോലിന്റെ വലിയൊരു ഭാഗം കത്തിച്ചുകളയേണ്ട അവസ്ഥയാണെന്നും കർഷകർ പറയുന്നു.
'വളവില കുറയ്ക്കുക, നെല്ലിന്റെ സംഭരണവില ഉയർത്തുക, അഗ്രിസ്റ്റാക്കിലെ അപാകതകൾ പരിഹരിക്കുക എന്നിവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരുംവർഷങ്ങളിൽ കൃഷിഭൂമികൾ വ്യാപകമായി തരിശാകും.'
കെ. ഒ. വർക്കി (സെക്രട്ടറി
കുഴൂർ നെൽകൃഷി സംരക്ഷണ സമൂഹം)
വളം ഡിസംബറിലെ വില - നിലവിലെ വില
ഫാറ്റ് എംപോസ് -29- 42
പൊട്ടാഷ് 36- 42
116:16:16 വളം 33- 41
അമ്മോണിയ സൾഫേറ്റ് 22- 30
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |