കോഴിക്കോട്: കഴിഞ്ഞ ദിവസം പാളയത്ത് നടന്ന ക്ഷീരകർഷൻ ബിജുവിന്റെ കൊലപാതകത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ്. എന്നാൽ വിശദാംശങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു. ഒരാൾ കസ്റ്റഡിലുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ളയാൾക്ക് കൊലപാതകവുമായി ബന്ധുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കൊലയ്ക്കു പിന്നിൽ ലഹരി സംഘമാണെന്ന കുടുംബത്തിന്റെ ആരോപണം പൊലീസ് മുഖവിലക്കെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. ബിജുവിനെ കുറിച്ച് വ്യക്തമായി അറിയാവുന്നവർ കൊലയ്ക്കു പിന്നിലുണ്ടെന്നും സൂചനയുണ്ട്. ബിജു താമസിച്ചിരുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പും നിർമാണത്തിലിരിക്കുന്ന കെട്ടിടവും കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ തമ്പടിച്ചിരുന്നു. ഇതിനെതിരെ ബിജു നിരന്തരം പ്രതികരിച്ചിരുന്നുവെന്നാണ് വിവരം. പൊലീസിൻ്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ലഹരി സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
തുമ്പില്ലാതെ സിയ കൊലക്കേസ്
പാളയത്ത് ആറുവർഷം മുൻപ് നടന്ന സമാനമായ മറ്റൊരു കൊലപാതകത്തിന് ഇന്നും തുമ്പില്ല. 2018 ഓഗസ്റ്റ് 23നാണ് പാളയം സ്വദേശിയായ സിയയെ (50) വീടിന് സമീപം രാത്രിയിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിറ്റേന്ന് രാവിലെ ഇതുവഴി എത്തിയ പ്രദേശവാസികളാണ് രക്തത്തിൽ കുളിച്ചു കിടന്നിരുന്ന മൃതദേഹം ആദ്യം കണ്ടത്. തടിക്കഷ്ണം പോലുള്ള ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്ന് അന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. വീടുകളും കെട്ടിടങ്ങളും ഇടതിങ്ങി നിറഞ്ഞ പ്രദേശത്തേക്ക് നിരവധി ഇടവഴികളുള്ളതും അന്ന് പല ഭാഗങ്ങളിലും സി.സി.ടി.വി ക്യാമറകളില്ലാതിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |