തൃശൂർ: ജൂൺ ഒമ്പതിന് ട്രോളിംഗ് നിരോധനം വരുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മനസിൽ ചാകരക്കോള്. വൻകിട യന്ത്രബോട്ടുകൾ തീരക്കടലിൽ നിന്ന് മാറുന്ന 52 ദിവസക്കാലം തങ്ങളുടെ വലകളിൽ ചാകര കോരിയെടുക്കാമെന്നതാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ, ഇതോടൊപ്പം പെരുമഴക്കാലത്തെ തീരത്തെ സുരക്ഷാ വീഴ്ചകളും മറ്റും തൊഴിലാളികളുടെ മനസിൽ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ജില്ലയിൽ പതിനായിരത്തോളം മത്സ്യത്തൊഴിലാളികളിൽ തദ്ദേശീയരായ ഭൂരിഭാഗവും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. ട്രോളിംഗ് നിരോധന കാലമാണ് ഇവരുടെ ചാകരക്കാലം.
ജില്ലയിലെ തീരദേശത്തെ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും അഴീക്കോടും മാത്രമാണ് അൽപ്പമെങ്കിലും സുരക്ഷയുള്ളത്. ഇവിടെ ഒഴികെ മറ്റൊരിടത്തും പുലിമുട്ട് കാര്യക്ഷമമല്ല. മത്സ്യബന്ധനകേന്ദ്രങ്ങളിൽ മിക്കയിടത്തും മണൽത്തിട്ടകളുള്ളതാണ് തൊഴിലാളികളെ വലയ്ക്കുന്നത്.
ചെറിയ വള്ളങ്ങളിലെ മോട്ടോറുകൾ മണൽത്തിട്ടകളിൽ തട്ടി പ്രവർത്തനം നിലയ്ക്കുന്നതും ബോട്ട് മറിയുന്നതും പതിവാകുന്നുണ്ട്. തീരം കടലെടുക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും പുലിമുട്ടുകൾ നീട്ടുന്നതാണ് പ്രധാന പരിഹാരം.
കടലേറ്റഭീതിയിൽ തീരദേശം
പുലിമുട്ടുകളില്ലാത്ത തീരത്ത് കടലേറ്റം ഉണ്ടാകുന്നതും മത്സ്യത്തൊഴിലാളികൾക്ക് ദോഷമാകുന്നുണ്ട്. പെരിഞ്ഞനം ബീച്ച് മുതൽ മുനയ്ക്കൽ ബീച്ച് വരെയുള്ള 15 കിലോമീറ്ററോളം വരുന്ന കൊടുങ്ങല്ലൂർ പ്രദേശത്ത് അതിരൂക്ഷമാണ് കടലേറ്റം. കഴിഞ്ഞ 15 വർഷത്തിനിടെ അരകിലോമീറ്ററോളം ദൂരമാണ് കടലെടുത്തത്. ഓരോ വർഷവും രണ്ട് മൂന്ന് തവണ ഉണ്ടാകുന്ന കടലാക്രമണം ചെറുക്കാൻ ജിയോബാഗ് പദ്ധതി നടപ്പാക്കിയെങ്കിലും ഫലപ്രദമല്ല. ഒരു കിലോമീറ്റർ ദൂരത്തിന് പത്തുലക്ഷം രൂപയോളം ചെലവഴിച്ചാണ് ജിയോബാഗ് പദ്ധതി നടപ്പാക്കിയതത്രെ. ഏറ്റവും സുരക്ഷിതമായ ടെട്രാപാഡ് പദ്ധതി വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. 40 വർഷങ്ങൾക്ക് മുൻപിട്ട കല്ലുകളിൽ മിക്കതും ഉപയോഗശൂന്യമാണ്. ചുഴലിക്കാറ്റും കടലേറ്റവുമില്ലാതെ മേയ് മാസം കടന്നുപോയെങ്കിലും ജൂണും ജൂലായും മത്സ്യത്തൊഴിലാളികളുടെ പേടിസ്വപ്നമാണ്.
ചാകരക്കാലം ജൂലായ് 31 അർദ്ധരാത്രിവരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനനം ഉറപ്പുവരുത്താനാണിത്. എന്നാൽ കാലാവസ്ഥയ്ക്ക് അനുസൃതമായി മേയ് പകുതിയോടെ ട്രോളിംഗ് നിരോധന കാലാവധി മാറ്റണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
അഴീക്കോട് ഹാർബറിൽ പുലിമുട്ട് നീട്ടിയതിനാൽ പ്രശ്‌നമില്ല. ഫിഷ് ലാൻഡിംഗ് സെന്ററുകളിലും തീരദേശത്തും പുലിമുട്ട് കാര്യക്ഷമമാക്കണം. ഒരോ കിലോമീറ്ററിലും 50 മീറ്റർ പുലിമുട്ട് എങ്കിലും വേണം.ഇ.കെ. ദാസൻ, പരമ്പരാഗത മത്സ്യത്തൊഴിലാളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |