മാള: പുസ്തകത്താളുകൾക്കൊപ്പം മണ്ണിൻമണം തേടുകയാണ് വെള്ളാങ്ങല്ലൂർ കണ്ണികുളങ്ങര സ്വദേശിയായ ഘനശ്യാം വി. മേനോൻ. പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഈ 15കാരന് കൃഷിയിടത്തിലും നൂറുമേനി. നെല്ലും പച്ചക്കറിയും കപ്പയും അച്ഛൻ വിജയരാഘവനും കുടുംബവും പതിവായി കൃഷി ചെയ്യാറുണ്ട്. ഒരു വർഷത്തിലേറെയായി പിതാവിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടാൻ തുടങ്ങിയതോടെ ഘനശ്യാം കൃഷിക്കാരനായി.
പച്ചക്കറിയിൽ തുടങ്ങി, ഇപ്പോൾ പൂക്കൃഷി വരെയെത്തി. ഓണം ലക്ഷ്യമിട്ട് സ്വന്തം പറമ്പിൽ 500ലേറെ ചെണ്ടുമല്ലിത്തൈകൾ നട്ടു. ചീര, വെണ്ട തുടങ്ങിയ പച്ചക്കറികളുമുണ്ട്. ഘനശ്യാം പഠിച്ച കണ്ണികുളങ്ങര എൽ.പി സ്‌കൂളിലേക്കും തൈകൾ നൽകുന്നു. സ്‌കൂളിലെ സയൻസ് ക്ലബ്ബിലും പച്ചക്കറി ക്ലബ്ബിലും അംഗമാണ്. പഞ്ചായത്തിലെ 'മികച്ച കുട്ടിക്കർഷകൻ' പുരസ്‌കാരവും നേടിയിരുന്നു.
പുത്തൻചിറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഇപ്പോൾ പ്ലസ് ടു പ്രവേശനത്തിന് കാത്തിരിക്കുകയാണ്. എൽ.എസ്.എസ്, യു.എസ്.എസ്, ഹൈസ്‌കൂൾ സംസ്‌കൃത സ്‌കോളർഷിപ്പ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. ഏത് സ്‌കൂളിൽ പഠിച്ചാലും മണ്ണിനോടുള്ള ഇഷ്ടം കുറയ്ക്കില്ലെന്ന് ഘനശ്യാം പറയുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് അമ്മ ശാന്തി. അർജുൻ ഇളയസഹോദരനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |