ഒരാഴ്ചയ്ക്കകം 5000 ഓളം പനിബാധിതർ
തൃശൂർ: കാലവർഷം ശക്തമാകും മുൻപേ കുതിച്ചുയർന്ന് ഡെങ്കിപ്പനി. കഴിഞ്ഞ പത്ത് ദിവസത്തിനകം അറുപതോളം പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. 200ലേറെ പേർ നിരീക്ഷണത്തിലുണ്ട്. പനി ബാധിതരുടെ എണ്ണത്തിലും വൻവർദ്ധനവാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അയ്യായിരത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
ജില്ലയിലെ വിവിധ ആശുപത്രിയിലും തിരക്കേറുന്നുണ്ട്. പനിചികിത്സ തേടിയവരുടെ എണ്ണം ആയിരത്തിനടുത്ത് വരെ എത്തിയ ദിവസങ്ങളുണ്ട്. മഴ ശക്തമാകുന്നതോടെ സാംക്രമിക രോഗങ്ങൾ പടരാൻ സാദ്ധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
വാർഡ് തലങ്ങളിലും പഞ്ചായത്ത് തലത്തിലും ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമല്ല. പലയിടത്തും ആരോഗ്യ വകുപ്പ് അധികൃതരും ആശാ പ്രവർത്തകരും മാത്രമാണ് രംഗത്തുള്ളത്.
നഗരത്തിൽ കൂടുതൽ
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിൽ പകുതിയോളം പേർ നഗരത്തിലെന്ന് റിപ്പോർട്ട്. എതാനും ആഴ്ചകൾക്ക് മുൻപ് കോർപറേഷൻ പരിധിയിൽ ഡെങ്കിപ്പനി പടർന്നതോടെ ബോധവത്കരണവും പ്രതിരോധ നടപടികളും സ്വീകരിച്ചെങ്കിലും വീണ്ടും ഡെങ്കിബാധിതരുടെ എണ്ണം കൂടുകയാണ്.
ജാഗ്രതാ സമിതികൾ നിഷ്ക്രിയം
സാംക്രമിക രോഗങ്ങൾക്കെതിരെയുള്ള ബോധവത്കരണം ഉൾപ്പെടെ നടത്തുന്നതിനായി രൂപീകരിച്ച വാർഡ് തല ആരോഗ്യ സമിതികൾ ചേരുന്നില്ലെന്ന് പരാതി. പുതിയ സർക്കാർ വന്നതോടെ പുനഃസംഘടന ഉൾപ്പെടെ നടന്നേക്കുമെന്നും വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |