തൃശൂർ: നാടിനെ ഞെട്ടിച്ച കവർച്ചയുടെ നടുക്കത്തിലാണ് മണ്ണുത്തി, പ്രതികൾക്കായി അന്വേഷണം ഊർജിതമാണ്. ഇന്നലെ പുലർച്ചെ മണ്ണുത്തി ഡോൺ ബോസ്‌കോയ്ക്ക് എതിർവശത്തുള്ള ചെറുവാറ വീട്ടിലാണ് ഗൃഹനാഥൻ സോമശേഖരനെ കെട്ടിയിട്ട് 45 പവനോളം സ്വർണവും അരലക്ഷം രൂപയും കവർന്നത്. സ്വർണം നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരികെക്കിട്ടിയത് ഭാഗ്യമായി കരുതുകയാണ് ഗൃഹനാഥൻ.
മോഷ്ടാക്കളെ കണ്ട് ശബ്ദമുണ്ടാക്കിയ സോമശേഖരന്റെ മുഖത്ത് തലയണ അമർത്തുകയും ഇടിക്കുകയും ചെയ്തിരുന്നു. കൂടുതൽ എതിർത്താൽ കൂടുതൽ അക്രമണം നടത്തുമെന്നായിരുന്നു ഭീതി. ചെറുക്കാൻ ശ്രമിക്കുന്നവരെ കുറുവാ സംഘ മോഷ്ടാക്കൾ ക്രൂരമായി ആക്രമിക്കാറുണ്ട്. മോഷണ സംഘം ബംഗാളികളാണെന്നാണ് സൂചന. സി.സി.ടി.വി കാമറകളും മറ്റും പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നേറുന്നത്.
ജില്ലയിൽ മോഷണം പെരുകുന്നു
എതാനും ആഴ്ചകളായി ജില്ലയിൽ നടന്നത് നിരവധി മോഷണങ്ങൾ. നഗരത്തിൽ തന്നെ രണ്ടാഴ്ചക്കകം അരഡസനിലേറെ കവർച്ചയും കവർച്ചാശ്രമങ്ങളും നടന്നു. വർഷകാലമായതോടെ കൂടുതൽ മോഷണ സംഘങ്ങൾ ഇറങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
നിരീക്ഷണത്തിൽ കുറുവാ സംഘങ്ങളും
തമിഴ്നാട്ടിലെ കമ്പം, തേനി പ്രദേശത്തെ കുറുവ സംഘങ്ങൾ കാലവർഷമായാൽ കേരളത്തിലെത്തി കൊള്ള നടത്തുന്നത് പതിവാണ്. കഴിഞ്ഞ തവണ ആലപ്പുഴ കേന്ദ്രീകരിച്ചായിരുന്നു കുറുവാസംഘം കവർച്ചയ്ക്ക് പദ്ധതിയിട്ടിരുന്നത്. പിറകിലെ വാതിൽ തകർത്ത് അകത്തുകയറുന്നതാണ് ഇവരുടെ ശൈലി.
കുറുവ സംഘങ്ങളുടെ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് പൊലീസ് വിശദീകരണം. രാത്രിയിൽ വാതിലുകളും മറ്റും ഭദ്രമായി അടച്ചെന്ന് ഉറപ്പാക്കണമെന്നും മാരകായുധങ്ങൾ പുറത്തുവയ്ക്കരുതെന്നും മുന്നറിയിപ്പുണ്ട്. മോഷണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ രാത്രി പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |