തൃശൂർ: 'ഓപറേഷൻ തൂഫാൻ ' ലഹരിക്കെതിരെയുള്ള പോരാട്ടം നെഞ്ചേറ്റി വിദ്യാർത്ഥി സമൂഹം. സെന്റ് തോമസ് കോളേജിൽ കേരളകൗമുദി സംഘടിച്ച ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടി ബോധപൗർണമിയിലാണ് നൂറുക്കണക്കിന് കുട്ടികൾ കണ്ണികളായത്. ലഹരി സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ മുന്നറിയിപ്പുകളും സന്ദേശവും ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന പ്രതിജ്ഞയും ഏറ്റെടുത്താണ് വിദ്യാർത്ഥികൾ സദസ് വിട്ടത്. ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പോടെ ഓഡിറ്റോറിയത്തിലുള്ള എല്ലാവരും കൈയടിക്കണമെന്ന് ആവശ്യപ്പെട്ടതും വിദ്യാർത്ഥികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ബിരുദ വിദ്യാർത്ഥിയും എൻ.എസ്.എസ് വളണ്ടിയറുമായ മിനിഷ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. മന്ത്രിക്കൊപ്പം ലഹരിക്കെതിരെയുള്ള സന്ദേശമെഴുതിയ ബാനറിന് കിഴിൽ കുട്ടികൾ അണിനിരന്നു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കേരള കൗമുദി ഇന്നലെ പുറത്തിറക്കിയ പ്രത്യേക പതിപ്പും വിദ്യാർത്ഥികൾക്ക് നൽകി.
വാരിയേഴ്‌സാകാൻ നൂറുപേർ
ഓപറേഷൻ തൂഫാന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളിൽ സെന്റ് തോമസ് കോളേജിലെ നൂറുപേർ തൂഫാൻ വാരിയേഴ്‌സ് ക്ലബ്ബിൽ അംഗങ്ങളാകും. മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. അതിന് വേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖിന് മന്ത്രി നിർദ്ദേശം നൽകി. സഭയ്ക്ക് കിഴിലുള്ള റിഹാബിലിറ്റേഷൻ സെന്ററുകളും സർക്കാരിന്റെ പ്രവർത്തനത്തിനൊപ്പം നിൽക്കുമെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉറപ്പ് നൽകി.
ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കോളേജിലെത്തിലെ രമേശ് ചെന്നിത്തലയെ സെന്റ് തോമസ് കോളേജിന്റെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും കോളേജ് അധികൃതരും ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |