രക്ഷകരായി റെയിൽവേ ചൈൽഡ് ലൈൻ
തൃശൂർ: രക്ഷിതാക്കളോട് പിണങ്ങിയും ജോലിതേടിയും മറ്റ് കാരണങ്ങളാലും സംസ്ഥാനത്തേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നതിനിടെ പ്രവർത്തനം കാര്യക്ഷമമാക്കി തൃശൂർ റെയിൽവേ ചൈൽഡ് ലൈൻ. 2018 മുതൽ 2026 ജൂൺ വരെ 1300ലേറെ കുട്ടികളെയാണ് തൃശൂർ റെയിൽവേ ചൈൽഡ് ലൈൻ രക്ഷപ്പെടുത്തിയത്. മലയാളികളും അന്യ സംസ്ഥാനക്കാരുമായ കുട്ടികൾ ഉൾപ്പെടെയാണിത്.
ബാലവേലയ്ക്കായി കൂട്ടിക്കൊണ്ടുവന്നവരും ഇതിലുണ്ട്. ആറിനും 18നും മദ്ധ്യേ പ്രായമുള്ളവരാണേറെയും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിലാണ് ചൈൽഡ് ലൈനുകളുള്ളത്. ഇതിൽ തൃശൂർ രണ്ടാമതാണ്.
റെയിൽവേ ചൈൽഡ് ലൈനുകളെ 2024 - 25ൽ ജില്ലാ ചൈൽഡ് ലൈനിനോട് ചേർത്തിരുന്നു. പരിശോധനാക്കുറവും ടിക്കറ്റില്ലാതെ യാത്ര ചെയ്യാനാകും എന്ന ധാരണയും മൂലമാണ് കുട്ടികളേറെയും ട്രെയിനിൽ നാടുവിടുന്നതെന്ന് റെയിൽവേ ചെൽഡ് ലൈൻ അധികൃതർ വ്യക്തമാക്കുന്നു.
സംശയാസ്പദമായി കാണുന്നവരെക്കുറിച്ച് ആർ.പി.എഫോ പൊലീസോ നൽകുന്ന വിവരങ്ങൾ അനുസരിച്ചും ട്രെയിനുകളിലെ പരിശോധനയിലൂടെയുമാണ് കുട്ടികളെ കണ്ടെത്തുന്നത്. കോ- ഓർഡിനേറ്റർ, കൗൺസലർ, ഏഴ് അംഗങ്ങൾ, മൂന്ന് വളണ്ടിയർമാർ എന്നിവരാണ് ഒരു യൂണിറ്റിലുള്ളത്.
രക്ഷപ്പെടുത്തുന്ന കുട്ടികളെ കൗൺസലിംഗ് നൽകി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ ഏൽപ്പിക്കും. പിന്നീടുള്ള കാര്യങ്ങൾ സി.ഡബ്ല്യു.സി തീരുമാനിക്കും. രക്ഷിതാക്കൾക്കൊപ്പം അയയ്ക്കാൻ സാധിക്കുന്നവരെ കൈമാറും. അല്ലാത്തവരെ അഭയകേന്ദ്രങ്ങളിലാക്കും. റെയിൽവേ ചൈൽഡ് ലൈനുകൾ ഇല്ലാത്ത ജില്ലകളിൽ കുട്ടികളെ ജില്ലാ ചൈൽഡ് ലൈനിലോ സി.ഡബ്ല്യു.സികൾക്കോ കൈമാറും.
ജില്ലയിൽ രക്ഷപ്പെടുത്തിയ കുട്ടികൾ
(2018 മുതൽ 2025 വരെ)
2018-20-------------- 500
2020-21-------------- 76
2021-22-------------- 171
2022-23-------------- 240ലേറെ
2023-25--------------300ലേറെ
വിവരങ്ങൾ അറിയിക്കാൻ 112
2018ലാണ് രാജ്യത്ത് റെയിൽവേ ചൈൽഡ് ലൈനുകൾ നിലവിൽ വന്നത്. 24 മണിക്കൂറും പ്രവർത്തിക്കും. 112 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാം.
നാടുവിടുന്നതിന് കാരണങ്ങൾ
കുടുംബ പ്രശ്നം
രക്ഷിതാക്കളോട് വഴക്ക്
ലൈംഗിക പീഡനം
തട്ടിക്കൊണ്ടുപോകൽ
ബാലവേല
പരീക്ഷാ തോൽവി
മാനസിക പിരിമുറുക്കം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |