വടക്കാഞ്ചേരി: പൂർണമായും കളിമണ്ണിൽ നിർമ്മിച്ചതും ടൂറിസം കേന്ദ്രവുമായ വാഴാനി അണക്കെട്ടിൽ സുരക്ഷാ വീഴ്ചയും മത്സ്യമോഷണവും വ്യാപകം. 1962ൽ നിർമ്മാണം പൂർത്തിയായ, 792.48 മീറ്റർ നീളമുള്ള അണക്കെട്ട് 64 വർഷം പിന്നിട്ടിട്ടും സുരക്ഷാ കാര്യങ്ങളിൽ ഇപ്പോഴും പിന്നിൽ. നിരീക്ഷണ ക്യാമറകളും സുരക്ഷാ ജീവനക്കാരും പേരിന് മാത്രം.
നാലേക്കർ പൂന്തോട്ടം ഇതോടെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ്. ഭീതി വിതച്ച് ഇടയ്ക്ക് കാട്ടാനകളും എത്തുന്നുണ്ട്. പ്രധാന ഷട്ടറിന് സമീപത്തെ മതിലും മത്സ്യത്തൊഴിലാളികളുടെ കുട്ടവഞ്ചിയും ആനകൾ ചവിട്ടിപ്പൊളിച്ചത് അടുത്തിടെയായിരുന്നു.
മത്സ്യമോഷണം വ്യാപകം
വർഷകാലത്ത് ഡാമിൽ അതിക്രമിച്ച് കയറുന്നവർ വലകളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് മത്സ്യക്കൊള്ള നടത്തുന്നുവെന്ന് പരാതി. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനും വിളവെടുപ്പിനുമുള്ള പൂർണ അവകാശം വാഴാനിയിലെ ഹരിജൻ ഗിരിജൻ വെൽഫെയർ സഹകരണസംഘത്തിനാണ്. നിരവധി നിർധന കുടുംബങ്ങളുടെ വരുമാന മാർഗമാണ് മത്സ്യബന്ധനവും, വിപണനവും.
സാമൂഹിക വിരുദ്ധരുടെ മത്സ്യക്കൊള്ള കാരണം വലയുന്നത് സംഘത്തിന് കീഴിലുള്ള നിർധന അംഗങ്ങളാണ്. അമോണിയയും മറ്റ് വിഷാംശവും കലരാത്ത നാടൻ മത്സ്യം കുറഞ്ഞ വിലയ്ക്ക് നാട്ടുകാർക്ക് ലഭിക്കുമെന്നതും പ്രത്യേകതയാണ്. ധാരാളം മത്സ്യം ലഭിക്കേണ്ട സമയത്ത് പോലും മോഷണം മൂലം വറുതിയിലാണ് തൊഴിലാളികൾ.
വനം വകുപ്പിന്റെ ഒത്താശയോടെയാണ് പീച്ചി - വാഴാനി വന്യജീവി സങ്കേതത്തിലൂടെ മോഷ്ടാക്കൾ ഡാമിൽ എത്തുന്നതെന്നാണ് സംഘം ഭാരവാഹികളുടെ ആരോപണം. മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.
ഡാമിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ജീവനക്കാരുടെ എണ്ണവും നിരീക്ഷണ ക്യാമറകളും അടിയന്തരമായി വർദ്ധിപ്പിക്കണം. ഒപ്പം ഹരിജൻ - ഗിരിജൻ വെൽഫെയർ സഹകരണ സംഘം അംഗങ്ങളുടെ ഉപജീവനമാർഗം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ടൂറിസം - വനം വകുപ്പ് മന്ത്രിമാർക്ക് ഉടൻ നിവേദനം നൽകും.
– എം.കെ. ശരത് കുമാർ, തെക്കുംകര പഞ്ചായത്ത് വാഴാനി വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |