തൃശൂർ: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് ചികിത്സ തേടിപ്പോകുന്ന നൂറുകണക്കിന് സാധാരണക്കാർക്ക് ആശ്വാസം. ജില്ലയുടെ തെക്കേ അറ്റത്തുനിന്നും എറണാകുളം മേഖലയിൽ നിന്നും വരുന്നവർക്കും സർവീസുകൾ തുണയാകുന്നുണ്ട്. തൃശൂർ ഡിപ്പോ ഒഴികെ ജില്ലയിലെ മറ്റെല്ലാ ഡിപ്പോകളിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് സർവീസുകളുണ്ട്.
വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾ വടക്കെ സ്റ്റാൻഡിൽ നിന്ന് ആളുകളെ കയറ്റിയാണ് മെഡിക്കൽ കോളേജിലേക്ക് പോകുന്നത്. ജില്ലയിൽ വിവിധ ഡിപ്പോകളിലായി 126 സർവീസുകളാണ് 'പ്രിയദർശിനി' പദ്ധതിയിലുള്ളത്. അതേസമയം ചേലക്കര, കുന്നംകുളം, തിരുവില്വാമല, പീച്ചി മേഖലകളിൽ നിന്ന് കൂടുതൽ ബസുകൾ വേണമെന്ന ആവശ്യവും ശക്തം. സൗജന്യ യാത്ര ആരംഭിച്ചതോടെ പ്രിയദർശിനി ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ട്.
വിവിധ ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ:
കൊടുങ്ങല്ലൂർ
രാവിലെ 6ന് വടക്കെനടയിൽ നിന്ന് ഇരിങ്ങാലക്കുട വഴി മെഡിക്കൽ കോളേജിലേക്ക് ആദ്യ ബസ് പുറപ്പെടും. മറ്റൊരു സർവീസ് പുലർച്ചെ 5ന് അഴീക്കോട്ട് നിന്ന് പുറപ്പെട്ട് കൊടുങ്ങല്ലൂർ, പെരിഞ്ഞനം, വാടാനപ്പള്ളി വഴി മെഡിക്കൽ കോളേജിലെത്തും. ഈ ബസ് രാവിലെ 10.30ന് വീണ്ടും കൊടുങ്ങല്ലൂരിൽ നിന്ന് സർവീസ് നടത്തും.
ചാലക്കുടി
രാവിലെ 5.50ന് ചാലക്കുടി ഡിപ്പോയിൽ നിന്ന് ആദ്യ സർവീസ് ആരംഭിക്കും. അങ്കമാലിയിൽ നിന്നുള്ള ബസ് 6.30ന് ചാലക്കുടി വഴി കടന്നുപോകും. കൂടാതെ രാവിലെ 7.05, 11.00, 11.30, ഉച്ചയ്ക്ക് ശേഷം 2.40, വൈകിട്ട് 4.00 മണിക്കും ചാലക്കുടി വഴി സർവീസുകളുണ്ട്.
പുതുക്കാട്
പുതുക്കാട് ഡിപ്പോ കേന്ദ്രീകരിച്ച് 4 സർവീസുകളാണുള്ളത്. രാവിലെ 5.35ന് പാലപ്പിള്ളിയിൽ നിന്നും, 6.05ന് മുപ്ലിയത്ത് നിന്നും, 6.10ന് മരോട്ടിച്ചാലിൽ നിന്നും, 7.20ന് ചിമ്മിനിയിൽ നിന്നും സർവീസുകൾ പുറപ്പെടും.
മാള
രാവിലെ 5.50, 11.20, ഉച്ചയ്ക്ക് ശേഷം 2.15, 2.40 എന്നിങ്ങനെയാണ് മെഡിക്കൽ കോളേജിലേക്കുള്ള സമയക്രമം.
ഗുരുവായൂർ
ഗുരുവായൂരിൽ നിന്ന് രാവിലെ 6.05നും 7.30നും രണ്ട് പ്രിയദർശിനി ബസുകളാണ് സർവീസ് നടത്തുന്നത്.
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്ന് ഒരു ബസാണ് സർവീസ് നടത്തുന്നത്. രാവിലെ മതിലകത്തേക്ക് പോയി അവിടെ നിന്ന് ഇരിങ്ങാലക്കുട ഡിപ്പോയിലെത്തി 7.25ന് മെഡിക്കൽ കോളേജിലേക്ക് പുറപ്പെടും. വൈകിട്ട് 5.05ന് മെഡിക്കൽ കോളേജിൽ നിന്ന് പുറപ്പെട്ട് ഇരിങ്ങാലക്കുട വഴി കൊടുങ്ങല്ലൂർ വരെയാണ് ഈ സർവീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |