SignIn
Kerala Kaumudi Online
Sunday, 28 June 2026 11.27 PM IST

അപകട മേഖലയായി പുറ്റേക്കര, പൊട്ടിക്കണം, കുപ്പിക്കഴുത്ത്

apakdam

കൈപ്പറമ്പ് : സംസ്ഥാനപാതയിൽ റോഡിന്റെ വീതിക്കുറവ് മൂലം അപകടമേഖലയായി മാറിയിരിക്കയാണ് പുറ്റേക്കര. തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള കുപ്പിക്കഴുത്തിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് പുറ്റേക്കര സെന്ററിന് സമീപത്താണ്. സംസ്ഥാനപാതയുടെയും ഡിവൈഡറിന്റെയും നിർമാണത്തിനും ശേഷം പത്തിലധികം അപകടങ്ങൾ ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ അപകടങ്ങൾക്കും കാരണം റോഡിന്റെ വീതിക്കുറവും റോഡിനോട് ചേർന്നുള്ള വലിയ എഡ്ജും ആണ്. അതിൽ മൂന്ന് അപകടങ്ങൾ റോഡിനു കുറുകെ ഡിവൈഡറിന് മുകളിലൂടെ ഇടിച്ചുകയറി എതിർശയിൽ വരുന്ന വാഹനങ്ങളിൽ ഇടിച്ചായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം അപകടം നടന്ന് മൂന്നുപേർക്ക് പരിക്കേറ്റു. ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന കാർ റോഡിന്റെ എഡ്ജിൽ ചാടി നിയന്ത്രണം വിട്ട് ഡിവൈഡറിലും എതിർ ദിശയിലെ വീടിന്റെ മതിലിലും ഇടിച്ച് കാനയിലേക്ക് മറിഞ്ഞു. ഇത് കണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരും അപകടത്തിൽപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു മുൻപ് ഈ എഡ്ജിൽ ചാടി അപകടം ഉണ്ടായപ്പോൾ ഈ മേഖലയിൽ മണ്ണിട്ട് നികത്തിരുന്നു. എന്നാൽ മഴ പെയ്തപ്പോൾ മണ്ണൊലിച്ചു പോവുകയും കൂടുതൽ അപകട മേഖലയായി മാറുകയും ചെയ്തു. ഇതിനൊരു ശാശ്വത പരിഹാരം എത്രയും പെട്ടെന്ന് കാണണമെന്നാണ് പ്രദേശവാസികളുടെയും സ്ഥാപന ഉടമകളുടെയും ആവശ്യം. ബസ് സ്റ്റോപ്പിൽ ഒരു ബസ് നിറുത്തുകയോ ഒരു വാഹനം കേടുവന്ന് നിൽക്കുകയോ ചെയ്താൽ മറ്റു വാഹനങ്ങൾക്ക് മറികടന്നുപോകാൻ വീതിയില്ലാത്തതും ഈ മേഖലയിലെ ഒരു പ്രധാന പ്രശ്‌നമാണ്. അതുകൊണ്ട് കുപ്പിക്കഴുത്ത് പരിഹാരത്തിനു വേണ്ടി പൊളിച്ച ബിൽഡിംഗ് വേസ്റ്റുകൾ നീക്കം ചെയ്ത് റോഡിന്റെ വീതി എത്രയും പെട്ടെന്ന് കൂട്ടണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

വീതി കൂട്ടൽ എങ്ങുമെത്തിയില്ല
കുപ്പിക്കഴുത്ത് പൊട്ടിച്ച് റോഡ് വീതി കൂട്ടുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ എങ്ങുമെത്തിയില്ല. മാസങ്ങൾക്കു മുൻപ് എം.എൽ.എയുടെ നേതൃത്വത്തിൽ പലയിടത്തും ബിൽഡിംഗുകൾ പൊളിച്ചിട്ടതല്ലാതെ മറ്റൊന്നുമുണ്ടായില്ല. വേസ്റ്റുകൾ നീക്കം ചെയ്യാനോ പൊളിച്ച ഭാഗങ്ങൾ നികത്തിക്കൊണ്ട് റോഡിന് വീതി കൂട്ടാനോ തുടങ്ങിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL