
ചേർത്തല: ചതുപ്പിൽ ഒരുദിവസത്തോളം കിടക്കേണ്ടിവന്നതിനെത്തുടർന്ന്
അഭയകേന്ദ്രത്തിലെത്തിച്ച കുടുംബം സുഖം പ്രാപിക്കുന്നു. വയലാർ ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ് എട്ടുപുരയ്ക്കൽ കിഴക്കേത്തറ ജയദേവനെയാണ് വെള്ളിയാഴ്ച പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലെത്തിച്ചത്. ജയദേവനൊപ്പം വീട്ടിൽ അവശനിലയിൽ കഴിഞ്ഞിരുന്ന സഹോദരി യശോദ(67) യശോദയുടെ മകൻ മാനസികവെല്ലുവിളി നേരിടുന്ന ലിജു(41) എന്നിവരെയും രക്ഷപ്പെടുത്തിയിരുന്നു. സാമൂഹ്യ നീതിവകുപ്പിന്റെ ആറാട്ടുപ്പുഴ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ച ജയദേവനും യശോദയും സുഖംപ്രാപിച്ചു വരുന്നു. ഭക്ഷണവും പരിചരണവും ലഭിച്ചതോടെ ഇരുവരുടെയും അവശതകൾ മാറിതുടങ്ങിയതായി അധികൃതർ അറിയിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജ് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ലിജുവിന്റെ ചികിത്സയും ആരംഭിച്ചിട്ടുണ്ട്. അതേസമയം, ദുരിതത്തിലായ കുടുംബത്തിന്റെ തുടർചികിത്സ ഏറ്റെടുക്കുമെന്ന് പി.പ്രസാദ് എം.എൽ.എ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ തദ്ദേശസ്ഥാപന പ്രതിനിധികൾ അറിയിക്കുമ്പോൾ കൃത്യമായ ഇടപെടലുകൾ നടത്തുന്നതാണ്. ഈ വിഷയത്തിൽ ഒരു ജനപ്രതിനിധിയും അറിയിച്ചിരുന്നില്ല. ഇവരെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |