
അമരവിള: റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന്റെ ഭാഗമായി അമരവിള റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച വർക്കുകൾ മന്ദഗതിയിലായതോടെ പ്രദേശവാസികൾ ദുരിതത്തിൽ. മഴ തുടങ്ങിയാൽ പ്രദേശമാകെ ചെളിക്കുളമാകും, വെയിലായാൽ പൊടിയും. പുതിയ പ്ലാറ്റ്ഫോം നിർമ്മാണത്തിനും മറ്റുമായി നിർമ്മിച്ച കുഴികൾ മൂടാതായതോടെ കാൽനട യാത്രയും ദുഃസഹമായി.
നിലവിലെ വഴികൾ പൂർണ്ണമായും അടച്ചിരിക്കുകയാണ്. ചിലയിടത്ത് വൻകുഴികളും മൺകൂനകളും നിറഞ്ഞതോടെ പ്രദേശമാകെ അപകടക്കെണിയായി. നിലവിലെ വഴികൾക്ക് ബദൽ സംവിധാനവും ഒരുക്കിയിട്ടില്ല.
നെയ്യാറ്റിൻകര നഗരസഭയിലെ രാമേശ്വരം മരുതത്തൂർ വാർഡുകളുടെ അതിർത്തിയിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കണ്ണംകുഴി ലെവൽ ക്രോസിനും കുന്നിൻപുറം ലെവൽ ക്രോസിനും ഇടയിലുള്ള ഭാഗത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ദിവസവും നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്നുണ്ട്.അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.ബദൽ സംവിധാനമൊരുക്കാനും റെയിൽവേ തയ്യാറാകുന്നില്ലെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
റെയിൽവേ ലൈനിന്റെ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ കൃഷിയും നശിച്ചു. മഴക്കാലത്ത് കൃഷിയിടങ്ങളിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയാത്ത വിധമാണ് റെയിൽവേ ബണ്ട് നിർമ്മിച്ചിരിക്കുന്നത്.പ്രദേശമാകെ ഇപ്പോൾ തരിശുനിലങ്ങളാണ്.
വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റി
പഴയ പ്ലാറ്റ്ഫോം ഇടിച്ചു മാറ്റി പകരം പുതിയത് നിർമ്മിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിന്റെ ഭാഗമായി പഴയ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റി. ടോയ്ലെറ്റ് ബിൽഡിങ്ങും ഉടൻ ഇടിച്ചു നിരത്തും.എന്നാൽ പകരം സംവിധാനമൊരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. മഴപെയ്താൽ ഒതുങ്ങി നിൽക്കാൻ ഒരിടമില്ലാതെ യാത്രക്കാർ വലയുകയാണ്.
പ്രദേശവാസികൾ ദുരിതത്തിൽ
അമരവിള റെയിൽവേ സ്റ്റേഷൻ പുനർനിർമ്മാണം ആരംഭിച്ചതോടെ മരുതത്തൂർ നിവാസികളുടെ യാത്രാസൗകര്യവും അവതാളത്തിലായി. താന്നിക്കവിള,കിഴക്കേ താന്നിക്കവിള,ചുങ്കപുര, കരിപ്പുറം,തെക്കേകരിപ്പുറം,തീച്ചക്കുഴി,ആയില്ലറവിള തുടങ്ങിയ പ്രദേശവാസികൾ നെയ്യാറ്റിൻകര ടൗണിൽ എത്തിപ്പെടാൻ കിലോമീറ്റർ സഞ്ചരിക്കേണ്ട ഗതികേടിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |