SignIn
Kerala Kaumudi Online
Monday, 29 June 2026 4.43 AM IST

ജില്ലയിൽ 'പനിപ്പടർച്ച "

photo
1

തൃശൂർ: ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധന. ഏഴ് ദിവസത്തിനിടെ 6238 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ രോഗം മൂർച്ഛിച്ച 60 പേരെ കിടത്തിച്ചികിത്സയ്ക്ക് വിധേയരാക്കി. സാധാരണ പനിക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ഷിഗെല്ല, വയറിളക്ക രോഗങ്ങൾ എന്നിവയും ജില്ലയിൽ പടർന്നുപിടിക്കുകയാണ്. മൂന്ന് പേർക്ക് മലമ്പനി സ്ഥരീകരിച്ചു. 185 പേർ ഡെങ്കിപ്പനി ബാധ ലക്ഷണങ്ങളോടെ ചികിത്സ തേടി. 79 പേരെയും കിടത്തി ചികിത്സയ്ക്ക് വിധേയമാക്കി. ഏഴ് ദിവസത്തിനിടെ 10 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതും ആശങ്കയേറ്റുന്നുണ്ട്. 2223 പേർക്കാണ് ഈ കാലളവിൽ വയറിളക്ക രോഗങ്ങൾ പിടിപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ 12 പേർക്ക് മഞ്ഞപ്പിത്തവും 45 പേർക്ക് ഇൻഫ്‌ളുവൻസ പനിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഷിഗെല്ല ഭീതി

ജില്ലയിൽ ഷിഗെല്ല ബാധിതരുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വർദ്ധന. നിലവിൽ ഷിഗെല്ല ബാധിതരുടെ എണ്ണം 14 ആയി ഉയർന്നു. 2022ലാണ് ജില്ലയിൽ ആദ്യമായി ഷിഗെല്ല റിപ്പോർട്ട് ചെയ്യുന്നത്. 2022 ലും 2023 ലും രണ്ട് പേർക്ക് വീതവും, 2024ൽ ആറ് പേർക്കുമാണ് രോഗം ബാധിച്ചത്. എന്നാൽ, ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) വ്യക്തമാക്കി. രോഗബാധിത പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകളും ബോധവത്കരണ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.


ആശങ്കയായി പ്ലാസ്‌മോഡിയം ഫാൽസിപാറം മലമ്പനി


ജില്ലയിൽ മൂന്ന് പേർക്കാണ് ഒരാഴ്ചയ്ക്കിടെ മലമ്പനി റിപ്പോർട്ട് ചെയ്തത്. നെന്മണിക്കര, പുത്തൻചിറ എന്നിവിടങ്ങളിൽ താമസിക്കുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗം ബാധിച്ചത്. ജീവന് തന്നെ ഭീഷണിയുയർത്താൻ ശേഷിയുള്ള 'പ്ലാസ്‌മോഡിയം ഫാൽസിപാറം' വിഭാഗത്തിൽപ്പെട്ട മലമ്പനിയാണ് ഇവർക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. പെൺകൊതുകുകൾ പരത്തുന്ന മലമ്പനിയിൽ നാല് തരമുണ്ടെങ്കിലും ഇതിൽ ആദ്യത്തെ രണ്ടു വിഭാഗങ്ങളാണ് കേരളത്തിൽ കാണപ്പെടാറുള്ളത്.


പനി ബാധിത പ്രദേശങ്ങൾ

ഡെങ്കി: പുത്തൂർ, തൃശൂർ കോർപ്പറേഷൻ, അടാട്ട്, നടത്തറ, അവനൂർ, ചേലക്കര, മുല്ലശേരി, പറപ്പൂക്കര, വരന്തരപ്പള്ളി, ചാഴൂർ, മാള, നാട്ടിക, കൈപ്പറമ്പ്

എലിപ്പനി: ചാലക്കുടി മുൻസിപ്പാലിറ്റി, ഏങ്ങണ്ടിയൂർ, പനച്ചേരി, തൃശൂർ കോർപ്പറേഷൻ, അരിമ്പൂർ

മലമ്പനി: നെന്മണിക്കര, മറ്റത്തൂർ, പുത്തൻചിറ

ഏഴ് ദിവസത്തിനിടെ

പനി ബാധിച്ചത്: 6238 പേർക്ക്
വയറിളക്ക രോഗങ്ങൾ: 2,223 പേർക്ക്
ഇൻഫ്‌ളുവൻസ പനി: 45 പേർക്ക്
മഞ്ഞപ്പിത്തം: 12 പേർക്ക്
ഡെങ്കിപ്പനി ലക്ഷണം 185 പേർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL