ചൂണ്ടൽ: തെരുവുനായ ശല്യത്തെത്തുടർന്ന് തിങ്കളാഴ്ച അവധി നൽകിയ ചൂണ്ടൽ ഗവ. യു.പി സ്‌കൂളിൽ ഒഴിയാതെ ആശങ്ക. കഴിഞ്ഞ 23ന് സൈക്കിളിൽ സ്‌കൂളിലേക്ക് വരികയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിക്കും പ്രദേശവാസികൾക്കും നായ കടിയേറ്റിരുന്നു. ഈ നായയെ പിന്നീട് സ്‌കൂൾ പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർപരിശോധനയിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് ഭീതി പരന്നത്.
സ്‌കൂളിലെ വാഹനഷെഡിലും കൂടാതെ സ്റ്റേജിലും തെരുവുനായ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ചതും പത്തിലേറെ നായ്ക്കൾ കൂട്ടമായി തമ്പടിച്ചതും ഭീതി ഇരട്ടിയാക്കി. അദ്ധ്യാപകർ വടികളുമായി കാവൽ നിന്നാണ് പലപ്പോഴും കുട്ടികളെ രക്ഷിക്കുന്നത്. ഞായറാഴ്ച പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടിപിടുത്തക്കാർ എത്തിയെങ്കിലും കനത്ത മഴ കാരണം നായ്ക്കളെ പിടികൂടാനായില്ല. തുടർന്ന് പ്രധാനാദ്ധ്യാപിക കുന്നംകുളം എ.ഇ.ഒയ്ക്ക് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച അവധി അനുവദിച്ചത്.
നായ്ക്കുട്ടികളെ പ്രദേശവാസികൾ ഇന്നലെ എടുത്തുമാറ്റിയെങ്കിലും സ്‌കൂൾ കോമ്പൗണ്ടിലെ നായ്ക്കളെ പൂർണമായി പിടികൂടാനായിട്ടില്ല. തെരുവുനായ ശല്യം പരിഹരിച്ചശേഷമേ അദ്ധ്യയനം പുനരാരംഭിക്കൂവെന്നാണ് പ്രധാന അദ്ധ്യാപിക വ്യക്തമാക്കിയത്. നായ്ക്കളെ ഉടൻ പിടികൂടുമെന്നും രാത്രി വൈകിയും ശ്രമം തുടരുകയാണെന്നും ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദും അറിയിച്ചു.
പ്രസവിച്ച പട്ടിയെയും സ്‌കൂൾ കോമ്പൗണ്ടിലെ തെരുവ് നായ്ക്കളെയും പിടികൂടിയില്ലെങ്കിൽ സ്‌കൂളിന് അവധി കൊടുക്കേണ്ടിവരും.
- ഷീജ, പ്രധാന അദ്ധ്യാപിക
സ്‌കൂൾ സ്റ്റേജിനുള്ളിൽ തെരുവുനായ പ്രസവിച്ച അഞ്ചു കുഞ്ഞുങ്ങളെ പ്രദേശവാസികൾ എടുത്തു മാറ്റി. അലഞ്ഞുതിരിയുന്ന തെരുവ് നായകളെ ഉടൻ പിടികൂടും.
- സിനി പ്രസാദ്, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ്
സ്‌കൂളിൽ അലഞ്ഞു തിരിയുന്ന നായ്ക്കൾ കുട്ടികൾക്ക് നേരെ ആക്രമണം ഇനിയും നടത്തുമെന്ന് ഭീതിയുണ്ട്.
- പി.ടി.എ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |