ചാലക്കുടി: ഒന്നരവർഷം മുമ്പ് ഒഡീഷയിൽ നിന്നും ചായ്പൻകുഴി ഗവ. യു.പി. സ്‌കൂളിലെത്തുമ്പോൾ ബിനിത ദേശ് മാജിക്ക് അന്യഭാഷയായിരുന്നു, മലയാളം . എന്നാൽ, ഇന്ന് ഈ ഏഴാം ക്ലാസുകാരി സ്‌കൂൾ ലീഡറാണ്, ഒപ്പം അന്യഭാഷാ കുട്ടികളുടെ പ്രിയപ്പെട്ട മലയാളം ടീച്ചറും! ആദ്യം അഞ്ചാം ക്ലാസിലെത്തിയപ്പോൾ കൂട്ടുകാർക്കിടയിൽ ഒറ്റപ്പെട്ടുപോയ ബിനിതയെ അദ്ധ്യാപകർ ചേർത്തുപിടിച്ചതോടെയാണ് ഭാഷാവിപ്ലവത്തിന് വഴിയൊരുങ്ങിയത്.
ബിനിതയ്ക്കായി മലയാളം അദ്ധ്യാപികയായ ലിജി 'സഖി' എന്ന പ്രത്യേക പദ്ധതി തന്നെ ഒരുക്കിയിരുന്നു. ഒഴിവുസമയങ്ങളിൽ ലിജി ടീച്ചറുടെ സ്‌നേഹപരിചരണം ബിനിതയെ തനിനാടൻ മലയാളിയാക്കി, സംസാരിക്കാനും വായിക്കാനും എഴുതാനും പഠിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തെ സ്‌കൂൾ പഠനോത്സവത്തിൽ നൂറ് വായനക്കാർഡുകളുമായി വേദിയിലെത്തിയ ബിനിത വിസ്മയമായി മാറിയിരുന്നു.
മലയാള പഠന പദ്ധതി ശ്രദ്ധയിൽപ്പെട്ട ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ബി. നിഷയുടെ നിർദ്ദേശപ്രകാരം 'സഖി' പുസ്തകരൂപത്തിലാക്കി. പ്രധാനാദ്ധ്യാപിക അജിത, എസ്.ആർ.ജി കൺവീനർ സരിത എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂളിന്റെ ഈ വർഷത്തെ തനത് പ്രവർത്തനമായി ഏറ്റെടുത്തു.
സ്‌കൂളിൽ മറ്റ് കുട്ടികളെ അദ്ധ്യാപകർ പഠിപ്പിക്കുമ്പോൾ, അതിഥികളായെത്തിയ ഏഴ് അന്യഭാഷാ കുട്ടികൾക്ക് മലയാളപാഠം പകരുന്നത് കുട്ടി ടീച്ചർ ബിനിതയാണ്. കൂട്ടുകാർക്ക് മുൻപിൽ അദ്ധ്യാപികയാകാൻ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് ഈ കൊച്ചുമിടുക്കി. തന്റെ പ്രിയഭാഷ മലയാളമാണെന്ന് ബിനിത അഭിമാനത്തോടെ പറയുന്നു. പരിമിതികളെ മറികടന്ന് ബിനിത കൈവരിച്ച നേട്ടത്തിന്റെ നിറവിലാണ് ചായ്പൻകുഴി സ്‌കൂളിലെ അദ്ധ്യാപകരും, പ്രദേശവാസികളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |