SignIn
Kerala Kaumudi Online
Monday, 27 July 2026 7.50 PM IST

ബൈപാസ് വന്നു, വഴിമാറി വികസനം; വഴിമുട്ടി കുടുംബങ്ങൾ!'

one

വാടാനപ്പള്ളി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി വാടാനപ്പള്ളി ബൈപാസ് നിർമ്മാണം പൂർത്തിയായതോടെ ഒറ്റപ്പെട്ട് കുടുംബങ്ങൾ. തൃത്തല്ലൂർ കിഴക്ക് ഉപ്പുപടന്ന എംഗൽസ് നഗർ പ്രദേശത്തെ ജനങ്ങളാണ് ബൈപാസ് വന്നതോടെ ദുരിതത്തിലായത്.നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ കുടിവെള്ള പൈപ്പുകൾ പൊട്ടിയതും മാറ്റിസ്ഥാപിക്കാത്തതും മൂലം പ്രദേശത്ത് കുടിവെള്ള വിതരണവും തടസ്സപ്പെട്ടു.

ദേശീയപാതയുടെ നിർമ്മാണം ഉയർന്ന നിരപ്പിലായതും സർവീസ് റോഡുകളുടെനിർമ്മാണം ഇതുവരെ ആരംഭിക്കാത്തതുമാണ് റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്. ദേശീയപാത നിർമ്മാണത്തെ തുടർന്ന് ഉപ്പുപടന്നയിലെ ഹൈവേ നിർമ്മാണ പ്ലാന്റിന് വടക്കുവശത്തുള്ള എൺപതിലധികം കുടുംബങ്ങൾ ഭാഗികമായും തെക്കുഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബൈപാസ് തുറന്നുകൊടുത്തതോടെ പ്രതിസന്ധി രൂക്ഷമാക്കി. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എൽ.എ സ്ഥലം സന്ദർശിച്ചു. ഐ.എൻ. സുധീഷ്, ഹേമലത പ്രതാപൻ, സുരേഷ് മഠത്തിൽ, ശാന്തി ഭാസി, വി.ആർ. ഷിജിത്ത്, ഗിരീഷ് മാത്തുക്കാട്ടിൽ, എ.എ. യൂസഫ്, ഓമന മധുസൂദനൻ, ഷൈന മുഹമ്മദ്, വസന്ത മണി, പി.ആർ. സുഷിൽ, റെജീന രാജു, വി. മുരളീധരൻ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

യാത്രാ സൗകര്യം ഒരുക്കും

പ്രദേശവാസികൾ നേരിടുന്ന രൂക്ഷമായ യാത്രാ-കുടിവെള്ള പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എൽ.എ ഉറപ്പുനൽകി. സന്ദർശനവേളയിൽ തന്നെ എം.എൽ.എ ഹൈവേ നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട് വഴി നഷ്ടപ്പെട്ട ഏഴ് വീട്ടുകാർക്കുള്ള യാത്രാസൗകര്യം അടിയന്തരമായി ശരിയാക്കി നൽകാൻ കർശന നിർദ്ദേശം നൽകി. ഉപ്പുപടന്ന, നടുവിൽക്കര പ്രദേശത്തുകാരുടെ വഴി പ്രശ്‌നത്തിനും കുടിവെള്ളക്ഷാമത്തിനും പ്രത്യേക ഗൗരവത്തോടെയുള്ള ഇടപെടലുകളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളക്കെട്ട് രൂക്ഷം

ഓവുചാലുകൾ ഇല്ലാത്തതോടെ പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷം. മഴ പെയ്തതോടെ ദുരിതം ഇരട്ടിയായി. ചാലുകൾ റോഡ് നിർമ്മാണത്തെത്തുടർന്ന് മൂടിയതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന്, പണി പൂർത്തിയാകാത്ത ചില ഭാഗങ്ങളിലൂടെ താത്കലിക വഴി ഉണ്ടാക്കിയാണ് കുടുംബങ്ങൾ യാത്ര ചെയ്യുന്നത്. എന്നാൽ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ വഴികളെല്ലാം അടയും. ഇത് പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണ്ണമായി ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL