SignIn
Kerala Kaumudi Online
Monday, 13 July 2026 1.49 AM IST

മഴ പെയ്തിട്ടും നിറയാതെ പത്താഴക്കുണ്ട്; 'ചോർന്നത്' 1.88 കോടി

f
പത്താഴക്കുണ്ട് ഡാം

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പത്താഴക്കുണ്ട് ഡാമിലെ ചോർച്ച തടയാൻ കോടികൾ ചെലവഴിച്ച് നടത്തിയ നവീകരണം പരാജയം. 14 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ശക്തമായ മഴ ലഭിച്ചിട്ടും ജലനിരപ്പ് 5.93 മീറ്റർ മാത്രം. ഇന്നലെ ഉച്ചവരെയുള്ള കണക്കാണിത്.

കൽക്കെട്ടിനുള്ളിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നതാണ് കാരണം. ഇതോടെ പ്രദേശവാസികളും കർഷകരും വലിയ ആശങ്കയിലാണ്. സി.എൻ. ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ അനുവദിച്ച തുക ഉപയോഗിച്ചാണ് നവീകരണം ആരംഭിച്ചത്. ഒന്നാംഘട്ടത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം, രണ്ടാം ഘട്ടത്തിൽ ബാരലിനുള്ളിലെ ചോർച്ച തടയുന്ന പ്രവൃത്തികൾക്കായിരുന്നു മുൻഗണന. ഇതിനായി വീഡിയോ ചിത്രീകരണത്തിലൂടെ വിദഗ്ദ്ധ പരിശോധന നടത്തി ശാസ്ത്രീയ റിപ്പോർട്ട് തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ 1.88 കോടി രൂപ ചെലവഴിച്ച് സ്റ്റീൽ ബാരൽ സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. ഇനി പുതിയ ഡാം നിർമ്മിക്കുകയല്ലാതെ മറ്റുവഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോലഞ്ചേരി സ്വദേശി എൻ.വി. രാജു ആയിരുന്നു കരാറുകാരൻ.

48 വർഷം പഴക്കം, മണ്ണ് ഡാം

തലപ്പിള്ളി താലൂക്കിലെ മലയോര പ്രദേശത്ത് ചെറുകിട ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലാണ് പത്താഴക്കുണ്ട് ഡാം. പൂർണമായും മണ്ണുകൊണ്ട് നിർമ്മിച്ച് 1978ലാണ് കമ്മിഷൻ ചെയ്തത്. 143 മീറ്റർ നീളവും 18.3 മീറ്റർ ഉയരവുമുള്ള ഡാമിന്റെ വൃഷ്ടിപ്രദേശം 24.28 ഹെക്ടറാണ്. 3075 മീറ്റർ നീളമുള്ള ഇടതുകര കനാലും 1456 മീറ്റർ നീളമുള്ള വലതുകര കനാലും ഇതിന്റെ ഭാഗമാണ്. തെക്കുംകര, പഴയ മുണ്ടത്തിക്കോട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഏകദേശം 288 ഹെക്ടർ ആയക്കെട്ട് പ്രദേശത്ത് വെള്ളമെത്തിക്കുകയെന്ന ലക്ഷത്തോടെയാണ് നിർമ്മിച്ചത്.


പത്താഴകുണ്ട് ഡാം


കമ്മിഷൻ ചെയ്തത്: 1978
പഴക്കം: 48 വർഷം
ഉയരം: 18.3 മീറ്റർ
നീളം: 143 മീറ്റർ
സംഭരണശേഷി: 14 മീറ്റർ
നിലവിലെ ജലനിരപ്പ്: 5.93 മീറ്റർ
നവീകരണച്ചെലവ: 1.88 കോടി

ഡാം വിവരം


വൃഷ്ടിപ്രദേശം: 24.28 ഹെക്ടർ
ഇടതുകര കനാൽ: 3075 മീറ്റർ
വലതുകര കനാൽ: 1456 മീറ്റർ


ഡാമിന്റെ കൽക്കെട്ടിനടിയിലൂടെയാണ് വെള്ളം ഒഴുകുന്നത്. സ്റ്റീൽ ബാരൽ സ്ഥാപിച്ചിട്ടും ചോർച്ച തടയാനായിട്ടില്ല. വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം രാസവസ്തുക്കൾ നിറയ്ക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
വി.ജി. ജയസൂര്യ, തെക്കുംകര പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL