
വടക്കാഞ്ചേരി: വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ സർജറി വാർഡ് ചോർന്നൊലിക്കുന്നു. മഴ ശക്തമായതോടെ വാർഡിൽ രോഗികൾക്ക് താമസിക്കാൻ കഴിയാത്ത അവസ്ഥ തുടരുകയാണ്. 1940ൽ നിർമ്മിച്ച, തികച്ചും ദുർബലാവസ്ഥയിലായ ഈ ഓടുമേഞ്ഞ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ ഇപ്പോഴും നിസ്സംഗത തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ ഈ വർഷവും ആരോഗ്യവകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേരിനൊരു പരിശോധന നടന്നതൊഴിച്ചാൽ, അതിന്റെ റിപ്പോർട്ട് ഇപ്പോഴും ഫയലുകളിൽതന്നെയാണ്. കെട്ടിടത്തിന് ഇതുവരെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ലഭ്യമാക്കിയിട്ടില്ല. മറ്റൊരു മാർഗവുമില്ലാത്തതിനാൽ ശസ്ത്രക്രിയക്ക് വിധേയരായവർ ഈ ദുർബല കെട്ടിടത്തിൽ തന്നെ കഴിയേണ്ട സാഹചര്യമാണ് നിലവിൽ.
നിലവിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 28 ഓളം പേരാണ് ശസ്ത്രക്രിയ കഴിഞ്ഞ് ഇവിടെ ചികിത്സയിൽ കഴിയുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്ത നിർദ്ധനരായ രോഗികളായതിനാൽ പലരും ജീവൻ പണയംവച്ച് ഇവിടെ കഴിയേണ്ട അവസ്ഥയാണ്.
ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലാണ് ആശുപത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ ആവശ്യത്തിന് ശ്രദ്ധ ആശുപത്രിക്ക് ഉണ്ടെന്ന് ജീവനക്കാരടക്കം പറയുന്നുണ്ടെങ്കിലും, നിലവിലെ പരിതാപകരമായ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രോഗികളും പൊതുജനങ്ങളും.
(തുടരും)
ശസ്ത്രക്രിയ വാർഡ് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ്. നിർദ്ധന രോഗികളെ വെല്ലുവിളിക്കുന്ന സമീപനമാണ് എം.എൽ.എ.യും ജില്ലാ പഞ്ചായത്തും സ്വീകരിക്കുന്നത്. 86 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ചികിത്സയിൽ കഴിയുന്നവരെ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.
-ജയൻ മംഗലം
-പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |