
മണ്ണുത്തി: വീട്ടുമുറ്റത്തോ ടെറസിലോ ഫ്ലാറ്റുകളിലോ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ "പഞ്ചകം" പദ്ധതിയുമായി കേരള കാർഷിക സർവകലാശാല. അഞ്ച് ചട്ടികളിലായി അഞ്ച് പ്രധാന വിളകൾ കൃഷി ചെയ്യുന്ന ഈ നൂതന പദ്ധതിക്ക് സർവകലാശാല തുടക്കം കുറിച്ചു. കേരളത്തിലുടനീളം സ്വയംപര്യാപ്ത അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കാനുള്ള പ്രായോഗിക ചുവടുവയ്പാണിതെന്ന് വി.സി.പ്രൊഫ.ഡോ.ടി.സജിതാ റാണി പറഞ്ഞു. വെജിറ്റബിൾ സയൻസ് വിഭാഗം എമിരറ്റസ് പ്രൊഫ.ഡോ.ടി.പ്രദീപ് കുമാറാണ് ഈ ആശയത്തിന് പിന്നിൽ. ദിവസേന ഒരാൾക്ക് 300 ഗ്രാം പച്ചക്കറി ആവശ്യമുള്ളിടത്ത് 100-120 ഗ്രാം മാത്രമാണ് മലയാളി കഴിക്കുന്നത്. ഈ പോഷകക്കുറവ് പരിഹരിക്കാൻ അര സെന്റ് സ്ഥലത്തോ ടെറസിലെ 5 ചട്ടികളിലോ ചെയ്യുന്ന പഞ്ചകം കൃഷിയിലൂടെ സാധിക്കുമെന്ന് കണ്ടെത്തി. കുറഞ്ഞ ചെലവിലും സ്ഥലത്തും വർഷം മുഴുവൻ വിഷരഹിത പച്ചക്കറികൾ ഉറപ്പാക്കുന്ന ഈ മാതൃക നഗരപ്രദേശങ്ങളിലെ വീടുകൾക്കും ഫ്ലാറ്റുകൾക്കും ഏറ്റവും അനുയോജ്യമാണെന്ന് സർവകലാശാലാ അധികൃതർ വിശദീകരിച്ചു.
'പഞ്ചകം' അഞ്ച് വിളകളും പോഷകഗുണങ്ങളും
വിള..............................പോഷക ഗുണങ്ങൾ & പ്രത്യേകത
മുരിങ്ങ.................ഇരുമ്പ്, അയോഡിൻ, വൈറ്റമിൻ എ, സി സമ്പന്നം
ഇളം പപ്പായ...........വൈറ്റമിൻ സി, ഡയറ്ററി ഫൈബർ
മുളക്....................കാപ്‌സെയ്‌സിൻ, വിറ്റാമിനുകൾ
കറിവേപ്പ്............വൈറ്റമിനുകൾ, ഇരുമ്പുസത്ത്, ആന്റിഓക്‌സിഡന്റുകൾ
കുറ്റിപ്പയർ.....................ശരീരത്തിന് ആവശ്യമായ സസ്യപ്രോട്ടീൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |