SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.09 AM IST

കുതിരാൻ മണ്ണിടിച്ചിൽ: സുരക്ഷാ നടപടികൾ നിർദ്ദേശിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി

d

തൃശൂർ: ദേശീയപാത 544ൽ കുതിരാൻ തുരങ്കമുഖത്തിന് സമീപം മണ്ണൊലിപ്പും കല്ലുകൾ പതിക്കുന്നതിനുള്ള സാദ്ധ്യതയുമുള്ള പശ്ചാത്തലത്തിൽ കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി. അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ ശിഖ സുരേന്ദ്രനാണ് ദുരന്തനിവാരണ നിയമപ്രകാരം ദേശീയപാത അതോറിട്ടിക്കും വനംവകുപ്പിനും ഉത്തരവ് നൽകിയത്.

കേരള വനഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞർ സ്ഥലം സന്ദർശിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ വലിയ വിള്ളലുകളോ ആഴത്തിലുള്ള മണ്ണിടിച്ചിൽ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെങ്കിലും, കുത്തനെയുള്ള പാറക്കെട്ടുകളിലെ വിടവുകളിൽ മഴവെള്ളം ഇറങ്ങി ഇളകിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കാൻ സാദ്ധ്യതയുണ്ടെന്ന് വന ഗവേഷണ കേന്ദ്രം റിപ്പോർട്ട് നൽകിയിരുന്നു. പാറക്കല്ലുകൾ താഴേക്ക് പതിക്കാതിരിക്കാൻ നെറ്റിംഗ്, വേലികൾ, റൊക്ക് ബോൾട്ടിംഗ് തുടങ്ങിയ സാങ്കേതിക പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനും കളക്ടർ നിർദ്ദേശിച്ചു. മഴവെള്ളപ്പാച്ചിൽ തടയാൻ തുരങ്കമുഖത്തിന് മുകളിലുള്ള ഡ്രെയിനേജ് ചാലുകളിലെ തടസം അടിയന്തരമായി നീക്കണം. സുരക്ഷ ഉറപ്പാക്കാൻ ദേശീയ പതാഅതോറിട്ടിക്ക് ആവശ്യമായ സഹകരണവും വനഭൂമിയിലേക്ക് പ്രവേശനാനുമതിയും നൽകാൻ തൃശൂർ ഡി.എഫ്.ഒയ്ക്ക് ഉത്തരവിൽ നിർദ്ദേശിച്ചു.

 കുതിരാൻ തുരങ്കം: സുരക്ഷാ ജാഗ്രത

കെ.എഫ്.ആർ.ഐ വിലയിരുത്തൽ....................................കളക്ടറുടെ ഉത്തരവ്
1. നിലവിൽ വലിയ വിള്ളലുകളില്ല......................................പ്രതിരോധ നെറ്റിംഗ് & ബോൾട്ടിംഗ്
2. ഇളകിയ കല്ലുകൾ പതിക്കാൻ സാദ്ധ്യത............................ഡ്രെയിനേജ് ചാലുകൾ അടിയന്തരമായി വൃത്തിയാക്കൽ
3. തുടർച്ചയായ മഴ അപകടസാദ്ധ്യത കൂട്ടുന്നു...............................നിരീക്ഷണവും ഗതാഗത നിയന്ത്രണവും

 പ്രധാന നിർദ്ദേശങ്ങൾ

എൻ.എച്ച്.എ.ഐ ചുമതലകൾ:

1. പ്രൊജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ അടിയന്തര സാങ്കേതിക പരിശോധന

2. ഇളകിയ പാറകളും മണ്ണും നീക്കം ചെയ്യുക

3. സംരക്ഷണ വലകൾ (റോക്ക് ഫാൾ നെറ്റിംഗ്), ബോൾട്ടിംഗ് എന്നിവ സ്ഥാപിക്കുക

4. ഡ്രെയിനേജ് തടസ്സങ്ങൾ നീക്കി മഴവെള്ളമൊഴുക്ക് സുഗമമാക്കുക

വനംവകുപ്പ് ചുമതലകൾ:
1. എൻ.എച്ച്.എ.ഐ സാങ്കേതിക ടീമിന് സുരക്ഷാ അനുമതി നൽകുക

2. പരിശോധനകൾക്കും തത്സമയ നിരീക്ഷണത്തിനും സഹകരണം ഉറപ്പാക്കുക

നിരീക്ഷണ ഘടകങ്ങൾ:
1. പുതിയ വിള്ളലുകൾ, മരങ്ങൾ ചരിഞ്ഞുനിൽക്കൽ, നീരൊഴുക്കിലെ മാറ്റങ്ങൾ

2. അടിയന്തര സാഹചര്യത്തിൽ പൊലീസുമായി ചേർന്ന് ഗതാഗത നിയന്ത്രണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL