
തൃശൂർ: പിഞ്ചുകുട്ടികളെ പരിപാലിച്ചിരുന്ന ക്രഷുകൾ അടച്ചുപൂട്ടി അങ്കണവാടികൾക്ക് കീഴിലാക്കിയിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും ശമ്പള കുടിശിക ലഭിക്കാതെ ജീവനക്കാർ. 2025 മാർച്ച് 31നാണ് സംസ്ഥാനത്തെ ക്രഷുകൾ അടച്ചുപൂട്ടിയത്. ക്രഷുകളിലുണ്ടായിരുന്ന ജീവനക്കാരെ പിന്നീട് അങ്കണവാടികളിലേക്ക് മാറ്റുകയായിരുന്നു. 19 ജീവനക്കാർക്കായി ഏകദേശം 11 ലക്ഷം രൂപയാണ് കുടിശിക. വർക്കർമാർക്ക് പ്രതിമാസം 6,500 രൂപയും ഹെൽപ്പർമാർക്ക് 3,250 രൂപയുമായിരുന്നു പ്രതിഫലം. ഇതിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിച്ചിരുന്നത്. 15,000 രൂപ മുതൽ 1.15 ലക്ഷം രൂപവരെ കുടിശിക ലഭിക്കാനുള്ളവരുമുണ്ട്. മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ ക്രഷും ഏതാനും മാസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. പ്രതിഫലം ലഭിക്കാതായതോടെ ജീവനക്കാർ ജോലി ഉപേക്ഷിച്ചതിനെ തുടർന്നാണ് ക്രഷ് അടച്ചുപൂട്ടിയത്. സി.സി.ടി.വി. ക്യാമറ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ആരംഭിച്ച ക്രഷിൽ നിരവധി കുട്ടികളുണ്ടായിരുന്നു. മൂന്ന് വയസുവരെയുള്ള കുട്ടികളെയാണ് ഇവിടെ പരിപാലിച്ചിരുന്നത്.
ഉണ്ടായിരുന്നത് കുറച്ചു; അതും നൽകിയില്ല
ശിശുക്ഷേമ സമിതിക്ക് കീഴിലായിരുപ്പോൾ സംസ്ഥാന സർക്കാർ നൽകിയിരുന്ന അലവൻസ് ഉൾപ്പെടെ 7,500 രൂപ ലഭിച്ചിരുന്നു. എന്നാൽ സാമൂഹ്യനീതി വകുപ്പിന് കീഴിലാക്കിയതോടെ ഇത് 5,500 രൂപയായി കുറച്ചു. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ 5,000 രൂപ വീതം അധികമായി നൽകുമെന്ന പ്രഖ്യാപനവും നടപ്പായില്ല. നേരത്തെ വീടിന് സമീപമുള്ള ക്രഷുകളിൽ ജോലി നൽകിയിരുന്നതെങ്കിൽ പിന്നീട് കിലോമീറ്ററുകൾ അകലേയ്ക്ക് ഇവരെ മാറ്റി. വർക്കർമാർ രാവിലെ ഏഴിനും ഹെൽപ്പർമാർ 11 മണിക്കുമാണ് ജോലിക്ക് എത്തിയിരുന്നത്. അങ്കണവാടികളിലേക്ക് മാറ്റിയപ്പോഴും ജോലി സമയത്തിൽ മാറ്റമുണ്ടായില്ല.
ഭക്ഷണച്ചെലവും കുടിശിക
കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി അനുവദിച്ചിരുന്ന തുകയും ഒന്നര വർഷമായി ലഭിച്ചിട്ടില്ല. പലപ്പോഴും ക്രഷ് ജീവനക്കാർ സ്വന്തം കൈയിൽനിന്നാണ് ഭക്ഷണച്ചെലവ് വഹിച്ചിരുന്നത്. ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് 12 രൂപ എന്ന നിരക്കിലായിരുന്നു ഭക്ഷണത്തുക അനുവദിച്ചിരുന്നത്. പരമാവധി 25 ദിവസത്തെ കണക്കിലാണ് തുക അനുവദിച്ചിരുന്നത്.
എട്ട് ക്രഷുകൾ അടച്ചുപൂട്ടി
എടക്കളത്തൂർ, വേലൂർ, പങ്ങാരപ്പിള്ളി, മെഡിക്കൽ കോളേജ്, ചേലക്കോട്ടുകര, കാൽഡിയൻ സിറിയൻ സ്‌കൂൾ, കാളത്തോട്, കാർഷിക സർവകലാശാല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |