മാള : ഒട്ടേറെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ സർക്കാർ ഇടപെടലിൽ ആലത്തൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിന്റെ താത്ക്കാലിക മാറ്റത്തിന് സർക്കാർ അനുമതിയായി. പ്രാഥമിക വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് എൽ.പി സ്‌കൂളിൽ പ്രവേശനം നേടിയ ഒന്ന് മുതൽ നാല് വരെയുള്ള വിദ്യാർത്ഥികൾക്ക് സെപ്തംബർ ഒന്ന് മുതൽ ഏതാനും മീറ്റർ മാറിയുള്ള ചക്കാംപറമ്പ് ഡി.പി.എം.യു.പി സ്‌കൂൾ കെട്ടിടത്തിലേക്ക് പഠനം നടത്താൻ അനുമതി ലഭിച്ചത്. നിലവിലുള്ള ആലത്തൂർ സ്‌കൂളിൽ കെട്ടിടം ശോചനീയവസ്ഥയിൽ ആയതിനാൽ ഫിറ്റ്‌നസ് ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇരു സ്‌കൂളുകളും സംയുക്തമായി വിദ്യാർത്ഥികളുടെ പഠനം ചക്കാംപറമ്പിലേക്ക് മാറ്റാൻ തീരുമാനം എടുത്തത്. എന്നാൽ ഇതിനായി സർക്കാർ അനുമതി തേടിയെങ്കിലും സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് അനുമതി ലഭിച്ചില്ല. ഇതിനെതിരെ സ്‌കൂൾ അധികൃതർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സർക്കാരിനോട് അടിയന്തര ഇടപെടൽ നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതേ തുടർന്ന് വിദ്യഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, മന്ത്രി ഒ.ജെ. ജനീഷ് എന്നിവർ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയതോടെ സർക്കാർ അനുമതി ലഭ്യമാകുകയായിരുന്നു. മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ അനുകൂല റിപ്പോർട്ടും നടപടി വേഗത്തിലാക്കി. നേരത്തെ അനുമതി ലഭിക്കാത്തതോടെ ഏതാനും വിദ്യാർത്ഥികൾ ആലത്തൂർ സ്‌കൂളിൽ നിന്ന് ടി.സി വാങ്ങി വേറെ വിദ്യാലയങ്ങളിൽ പ്രവേശനം നേടിയിരുന്നു. ബാക്കി വന്ന 2, 3, 4 ക്ലാസുകളിലായി ഏഴ് വിദ്യാർത്ഥികളാണ് ഉള്ളത്. പ്രതിസന്ധി ഘട്ടത്തിൽ ചക്കാംപറമ്പ് വിജ്ഞാനദായിനി സഭയുടെ മാതൃകാപരമായ പിന്തുണ വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായി. ഇവർക്കാവശ്യമായ താത്ക്കാലിക അദ്ധ്യാപകരേയും ഉച്ചഭക്ഷണവും ചക്കാംപറമ്പ് സ്‌കൂൾ മാനേജ്‌മെന്റായ വിജ്ഞാനദായിനി സഭയാണ് ഒരുക്കി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |